Home Nationalപരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് പിടിച്ചു; പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് പിടിച്ചു; പിന്നാലെ ഐഐടി ബോംബെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

by news_desk1
0 comments

മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 19കാരനായ സഹിലാണ് വെള്ളിയാഴ്ച വൈകുന്നേരം മരിച്ചത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.

പരീക്ഷയ്ക്കിടെ ചോദ്യപ്പേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് സഹിൽ പിടിക്കപ്പെട്ടതെന്നാണ് വിവരം. എന്നാൽ സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ ഔദ്യോഗികമായി നടപടി എടുത്തിരുന്നില്ലെന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം.

വിഷയത്തെ തുടർന്ന് അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർത്ഥിയുമായി സംസാരിക്കുകയും സംഭവം പഠനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയുടെ മരണം. സംഭവത്തെ തുടർന്ന് സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു.

ഐഐടി പൊവായ് ക്യാമ്പസിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 400ഓളം വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചു. സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങൾ അധികൃതർ പൂർണമായി പുറത്തുവിടുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

അതേസമയം, കോപ്പിയടിച്ചതിന് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠികൾ ആരോപിക്കുന്നു. സസ്‌പെൻഷൻ ലഭിച്ചാൽ ഹോസ്റ്റൽ ഒഴിയേണ്ടിവരുമെന്നും എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കാൻ നാലുവർഷത്തിന് പകരം അഞ്ചോ അതിലധികമോ വർഷങ്ങൾ വേണ്ടിവരുമെന്നുമുള്ള ആശങ്കയാണ് വിദ്യാർത്ഥിയെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

You may also like