ന്യൂഡൽഹി: വിമാനയാത്രയ്ക്ക് ഒരുങ്ങുന്ന കുടുംബങ്ങൾക്ക് അധിക ചെലവ്. ഇൻഡിഗോ വിമാന സർവീസുകളിൽ ശിശുക്കളുടെ യാത്രാ നിരക്ക് വർധിപ്പിച്ചു. 2,000 രൂപയായിരുന്ന നിരക്ക് 3,000 രൂപയായാണ് ഉയർത്തിയത്. പ്രീ-ബുക്കിങ് നിരക്ക് 2,000 രൂപയിൽ നിന്ന് 2,250 രൂപയായും വിമാനത്താവള കൗണ്ടറിൽ നേരിട്ട് ടിക്കറ്റ് എടുക്കുമ്പോഴുള്ള നിരക്ക് 2,500 രൂപയിൽ നിന്ന് 3,000 രൂപയായും വർധിപ്പിച്ചു.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ നിരക്കുകൾ ബാധകമാകുന്നത്. ശിശുക്കൾക്ക് പ്രത്യേക സീറ്റ് അനുവദിക്കില്ലെങ്കിലും അവർക്കായി ടിക്കറ്റ് ബുക്ക് ചെയ്യണം. പുതിയ നിരക്ക് വർധന ഏകദേശം 10 ലക്ഷം കുഞ്ഞുങ്ങളുടെ വിമാനയാത്രയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സേവന നിരക്കും ഇൻഡിഗോ വർധിപ്പിച്ചു. മുതിർന്നവരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ആഭ്യന്തര യാത്രാ ഫീസ് 5,000 രൂപയിൽ നിന്ന് 5,999 രൂപയായി ഉയർത്തി. കുട്ടികളുടെ ഒറ്റയ്ക്കുള്ള അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിരക്ക് 12,999 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. ഈ നിരക്ക് വർധനകളിലൂടെ 90 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ഇൻഡിഗോയുടെ വിലയിരുത്തൽ.
അധിക ബാഗേജിന്റെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഒരു കിലോഗ്രാമിന് 700 രൂപയായിരുന്ന നിരക്ക് 800 രൂപയായി. പ്രയോറിറ്റി ചെക്ക്-ഇൻ, ബോർഡിങ് നിരക്ക് 450 രൂപയിൽ നിന്ന് 650 രൂപയായും ട്രാവൽ സർട്ടിഫിക്കറ്റ് ഫീസ് 200 രൂപയിൽ നിന്ന് 300 രൂപയായും വർധിപ്പിച്ചു.
മറ്റ് വിമാന കമ്പനികളും വിവിധ സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധന വിലയിലുണ്ടായ വർധനയാണ് നിരക്ക് കൂട്ടാനുള്ള പ്രധാന കാരണമെന്നാണ് വിമാന കമ്പനികൾ നൽകുന്ന വിശദീകരണം.
