Home Keralaപൂജപ്പുര ജയിലിലെ 475-ാം നമ്പർ തടവുകാരൻ; ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ലോക്കിൽ തുടരുന്നു

പൂജപ്പുര ജയിലിലെ 475-ാം നമ്പർ തടവുകാരൻ; ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ലോക്കിൽ തുടരുന്നു

by news_desk1
0 comments

തിരുവനന്തപുരം: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. ജയിലിലെത്തിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രി ബ്ലോക്കിൽ പ്രവേശിപ്പിച്ചു. നിലവിൽ അവിടെത്തന്നെയാണ് ചികിത്സയിൽ കഴിയുന്നത്.

വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ ടോമിൻ ജെ. തച്ചങ്കരിയെ പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തിലാകും അദ്ദേഹത്തെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റണമോ അതോ ജയിലിലെ ആശുപത്രിയിൽ ചികിത്സ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ. തച്ചങ്കരി. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വരവിൽക്കവിഞ്ഞ് 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴിഞ്ഞദിവസം കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ നാലുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. തുടർന്ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു.

എന്നാൽ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതായും തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ചികിത്സ നൽകണമെന്ന് കോടതി ജയിൽ സൂപ്രണ്ടിനും നിർദേശം നൽകി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിലെ 475/26 നമ്പർ തടവുകാരനാണ് ടോമിൻ ജെ. തച്ചങ്കരി. ജയിലിലെത്തിയതിന് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിലവിൽ ആശുപത്രി ബ്ലോക്കിലാണ് കഴിയുന്നത്.

You may also like