Home Editorialകാക്കിക്കുള്ളിലെ കറുപ്പുകൾക്കുള്ള വിധി

കാക്കിക്കുള്ളിലെ കറുപ്പുകൾക്കുള്ള വിധി

by news_desk
0 comments

കേരളത്തിന്റെ ആഭ്യന്തര സംവിധാനത്തിന്റെ തലപ്പത്ത് ഒരുകാലത്ത് കിരീടം വയ്ക്കാത്ത രാജാവിനെപ്പോലെ അധികാരത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ടോമിൻ ജെ. തച്ചങ്കരി. അതേ പൊലീസ് സംവിധാനത്തിന്റെ കണ്ണുമുന്നിലൂടെ, ഒടുവിൽ ഒരു മുൻ ഡിജിപി തടവറയിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചിരിക്കുന്നു. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ അറിയപ്പെടുന്ന വരുമാനസ്രോതസ്സുകളെക്കാൾ 64.70 ലക്ഷം രൂപയുടെ അധിക സ്വത്ത് ഉണ്ടായിരുന്നുവെന്നാണ് കേസ്; ഇത് വരുമാനത്തേക്കാൾ 135 ശതമാനത്തിലേറെ അധികമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വിധിയുടെ ഏറ്റവും വലിയ സന്ദേശം നിയമത്തിന് മുന്നിൽ പദവിക്ക് പ്രത്യേക പരിഗണനയില്ല എന്നതാണ്. ഒരുകാലത്ത് പൊലീസ് സേനയുടെ ഉന്നത പദവികളിലിരുന്ന വ്യക്തി തന്നെയാണ് ഇന്ന് ശിക്ഷിക്കപ്പെട്ട പ്രതിയായി ജയിലിലേക്ക് പോകുന്നത്. അധികാരത്തിന്റെ ഉയരം നിയമത്തിന്റെ കൈകൾക്ക് തടസ്സമല്ലെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വത്തിന് ഈ വിധി അടിവരയിടുന്നു. പക്ഷേ, ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം കൂടുതൽ ഗൗരവമുള്ളതാണ്. നീതി ഇത്രയും വൈകേണ്ടതുണ്ടോ? 2007-ൽ കേസ് രജിസ്റ്റർ ചെയ്തു. 2013-ൽ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് കോടതിമാറ്റങ്ങളും നിയമനടപടികളും ഉൾപ്പെടെ നീണ്ട പ്രക്രിയയ്ക്കൊടുവിലാണ് 2026-ൽ വിചാരണ പൂർത്തിയാക്കി വിധിയുണ്ടാകുന്നത്. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതിക്ക് ഇടപെടേണ്ടിയും വന്നു. ഇവിടെയാണ് വിജിലൻസ് സംവിധാനവും നീതിന്യായ സംവിധാനവും ആത്മപരിശോധന നടത്തേണ്ടത്. അഴിമതിക്കേസിൽ അന്വേഷണം നടക്കുമ്പോൾ പ്രതി അധികാരത്തിന്റെ പടവുകൾ കയറി ഉയർന്ന പദവികളിലെത്തുകയും, വിചാരണ അവസാനിക്കുമ്പോഴേക്കും വിരമിച്ച ഉദ്യോഗസ്ഥനായി മാറുകയും ചെയ്യുന്ന സാഹചര്യം നീതിയുടെ വേഗതയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യമാണ്. കേസ് നീളുന്തോറും ശിക്ഷയുടെ പ്രതിരോധശേഷി കുറയുന്നു. കുറ്റം ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും എന്ന ബോധം സമൂഹത്തിൽ ഉറപ്പിക്കണമെങ്കിൽ നീതി സമയബന്ധിതമായിരിക്കണം. ഈ കേസിൽ തച്ചങ്കരിയുടെ വാഹനത്തിൽ വിരമിച്ചശേഷവും ഡി.ജി.പി റാങ്കിന്റെ മൂന്ന് നക്ഷത്ര ചിഹ്നം പ്രദർശിപ്പിച്ചതിന് മോട്ടോർ വാഹന വകുപ്പ് 250 രൂപ പിഴ ചുമത്തിയ സംഭവവും ശ്രദ്ധേയമാണ്. കോടതിയിൽ ഹാജരാകുന്നതിനിടെയാണ് ചിഹ്നം ശ്രദ്ധയിൽപ്പെട്ടത്. വിരമിച്ച ഉദ്യോഗസ്ഥന് ഡി.ജി.പി റാങ്ക് ചിഹ്നം ഉപയോഗിച്ചതിനായിരുന്നു നടപടി.
ഒരു ചിഹ്നം, ഒരു പദവി, ഒരു യൂണിഫോം-ഇവയെല്ലാം അധികാരത്തിന്റെ പ്രതീകങ്ങളാണ്. പക്ഷേ അധികാരം അവസാനിക്കുന്നിടത്താണ് നിയമത്തിന്റെ സമത്വം ആരംഭിക്കേണ്ടത്. വിരമിച്ച ശേഷവും അധികാരത്തിന്റെ പ്രതീകങ്ങൾ ചുറ്റിപ്പറ്റി നിൽക്കാനുള്ള മനോഭാവം പൊതുസേവനത്തിന്റെ യഥാർഥ അർഥത്തോട് ചേർന്നുനിൽക്കുന്നില്ല. തച്ചങ്കരിയെന്നത് വെറും പൊലീസ് ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല. അയാൾ തരാതരം പോലെ ഭരണത്തിലുള്ളവരെയും രാഷ്ട്രീയക്കാരെയും അടുത്തൂൺ പറ്റി. പാർട്ടിക്കുള്ളിലെ വൈരാഗ്യം തീർക്കാന‍് പലരും തച്ചങ്കരിക്ക് അനവസര തണലുകളുമൊരുക്കിയിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ല. അന്വേഷണത്തിന്റെ സമയത്ത് അദ്ദേഹം ഡി.ഐ.ജിയായിരുന്നെന്നും പിന്നീട് എ.ഡി.ജി.പിയായി ഉയർന്നതും ഈ തണലുകളെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ടുതന്നെ ഈ വിധി ഒരു വ്യക്തിയുടെ ശിക്ഷയായി മാത്രം വായിക്കരുത്. അധികാരത്തിന്റെ കവചത്തിനുള്ളിൽ നിയമം മന്ദഗതിയിലാകരുതെന്ന മുന്നറിയിപ്പായി വായിക്കണം. ഒരു കേസ് രജിസ്റ്റർ ചെയ്ത് വിധി വരാൻ രണ്ട് പതിറ്റാണ്ടോളം വേണ്ടിവരുന്ന സാഹചര്യം ആവർത്തിക്കരുത്. വിജിലൻസ് അന്വേഷണങ്ങൾക്കും അഴിമതിക്കേസുകളുടെ വിചാരണയ്ക്കും സമയപരിധിയും ഉത്തരവാദിത്തവും ഉറപ്പാക്കണം. അന്വേഷണം വൈകിയാൽ തെളിവുകൾ ദുർബലമാകാം; വിചാരണ വൈകിയാൽ നീതിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടാം. ഇന്ന് പൂജപ്പുര ജയിലിലേക്കുള്ള വാതിൽ ഒരു മുൻ ഡി.ജി.പിക്കായി തുറക്കുമ്പോൾ, അത് ഒരാൾക്കുള്ള ശിക്ഷയുടെ വാതിൽ മാത്രമാകരുത്. കാക്കിക്കുള്ളിലെ അധികാരത്തിന്റെ അഹന്തയ്ക്കും നിയമത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ധാരണയ്ക്കും മുന്നിൽ അടയുന്ന വാതിലായിരിക്കണം. കാക്കി ധരിച്ചവരായാലും കാക്കി അഴിച്ചവരായാലും നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന സന്ദേശം കൂടുതൽ ശക്തമായി ഉറപ്പിക്കേണ്ട സമയമാണിത്.
കാക്കിയിലെ നക്ഷത്രങ്ങൾ അധികാരത്തിന്റെ അലങ്കാരമല്ല; ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിന്റെ അടയാളമാണ്. ആ ഉത്തരവാദിത്തം ലംഘിക്കുമ്പോൾ നക്ഷത്രങ്ങൾ എത്രയുണ്ടെങ്കിലും നിയമത്തിന്റെ മുന്നിൽ അവയ്ക്ക് ഒരു വിലയുമില്ല. ഇനിയും അവശേഷിക്കുന്ന കാക്കിക്കുള്ളിലെ കറുപ്പുകൾ കണ്ടെത്തി ശുദ്ധീകരിക്കാനുള്ള തുടക്കമാകട്ടെ ഈ വിധി.

You may also like