ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി മറ്റൊരു രാജ്യാന്തര സമ്മേളനം മാത്രമല്ല; മാറുന്ന ലോകക്രമത്തിന്റെ നേർചിത്രമാണ്. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ ഉൾപ്പെടെയുള്ള ശക്തികൾ ഒരേ വേദിയിലെത്തുമ്പോൾ ഏകധ്രുവ ആധിപത്യത്തിന് പകരം ബഹുധ്രുവ ലോകക്രമത്തിന്റെ സാധ്യതയാണ് ശക്തമാകുന്നത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങൾ പരിഷ്കരിക്കണമെന്നും വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത് കാലത്തിന്റെ മാറ്റം തിരിച്ചറിയുന്ന രാഷ്ട്രീയ നിലപാടാണ്. ആഗോള തീരുമാനങ്ങളിൽ ജനസംഖ്യയ്ക്കും സാമ്പത്തിക സംഭാവനയ്ക്കും അനുസരിച്ചുള്ള പങ്കാളിത്തം വേണമെന്ന ആവശ്യം ഇനി അവഗണിക്കാനാകില്ല. പശ്ചിമേഷ്യൻ സംഘർഷത്തിൽ യുദ്ധത്തിനുപകരം ചർച്ചയും നയതന്ത്രവും വേണമെന്ന ബ്രിക്സ് ആഹ്വാനവും ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കണമെന്ന നിലപാടും ശ്രദ്ധേയമാണ്. ഇറാൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ഒരേ പ്രഖ്യാപനത്തിന് പിന്നിൽ അണിനിരന്നത് സംഘർഷങ്ങൾക്കിടയിലും സംഭാഷണത്തിന്റെ വാതിൽ തുറന്നുകിടക്കുന്നു എന്ന പ്രതീക്ഷ നൽകുന്നു. ഏഴ് വർഷത്തിനുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനവും മോദിയുമായുള്ള കൂടിക്കാഴ്ചയും നിർണായകമാണ്. 2020ലെ അതിർത്തി സംഘർഷത്തിന് ശേഷമുള്ള ബന്ധത്തിൽ സമാധാനവും വിശ്വാസവും പുനഃസ്ഥാപിക്കുകയാണ് യഥാർഥ പരീക്ഷണം. പുടിനും ഷിയും ഉൾപ്പെടെയുള്ള നേതാക്കളുമായി ഇന്ത്യ നടത്തുന്ന സമവായനീക്കങ്ങൾ അതിന്റെ തന്ത്രപരമായ സ്വാതന്ത്ര്യവും വ്യക്തമാക്കുന്നു. ഒരു പാളയത്തിന്റെയും വാലാകാതെ സ്വന്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ആഗോള ശക്തികളുമായി ഇടപെടുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി. ബ്രിക്സ് പ്രഖ്യാപനങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പക്ഷേ ഡൽഹിയിൽ നിന്ന് ഉയരുന്ന സന്ദേശം വ്യക്തമാണ്-ലോകം മാറുകയാണ്; അധികാരത്തിന്റെ പഴയ കേന്ദ്രങ്ങൾക്കൊപ്പം പുതിയ ശക്തികേന്ദ്രങ്ങളും ഉയരുകയാണ്. ആ പുതിയ ലോകക്രമത്തിൽ ഇന്ത്യ എവിടെ നിൽക്കണം എന്നതാണ് നിർണായക ചോദ്യം.
3
