മഹാപരാജയത്തിനുശേഷം കോഴിക്കോട് ചേർന്ന സി.പി.എമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം അവസാനിച്ചിരിക്കുന്നു. ആരും പാർട്ടിക്ക് മുകളിലല്ലെന്നും പാർട്ടിയാണ് എല്ലാമെന്നും പ്രഖ്യാപിച്ചും, തെറ്റുകൾ തിരുത്താനുള്ള സന്നദ്ധത ആവർത്തിച്ചും, സംഘടനയിൽ ആവശ്യമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയും സി.പി.എം ഒരു തിരുത്തൽ കാലത്തിന് തുടക്കമിട്ടിരിക്കുന്നു. രണ്ട് ദിവസം നീണ്ട യോഗം ആ തിരുത്തലിന്റെ തറക്കല്ലായോ എന്നത് ഇനി വരും ദിവസങ്ങളാണ് തെളിയിക്കേണ്ടത്. “പാർട്ടി ഐക്യത്തോടെ മുന്നോട്ടുപോകും” എന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം യോഗത്തിന്റെ രാഷ്ട്രീയ സന്ദേശമായി മാറുമ്പോൾ, തിരുത്തൽ അനിവാര്യമാണെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടും ശ്രദ്ധേയമാണ്. കാലങ്ങളായി മാറ്റമില്ലാതെ നിന്ന നേതൃത്വഘടനകളിൽ പുതുമുഖങ്ങൾക്ക് ഇടം നൽകുന്നതടക്കമുള്ള തീരുമാനങ്ങൾ അതിന്റെ ഭാഗമാണ്. എന്നാൽ യഥാർഥ തിരുത്തൽ നേതാക്കളെ മാറ്റുന്നതിൽ മാത്രം ഒതുങ്ങരുത്. ജനങ്ങളെ വീണ്ടും കേൾക്കുന്നതിലാണ് അതിന്റെ തുടക്കം. കേരളത്തിലെ ഇടതുപക്ഷം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ അടിത്തട്ടിൽ ജനങ്ങളിൽനിന്നുള്ള അകൽച്ച തന്നെയുണ്ട്. അത് ഭരണപരാജയം മാത്രമല്ല; വിശ്വാസത്തിന്റെ കൂടി നഷ്ടമാണ്. അധികാരം ഒരു ശീലമായി മാറുമ്പോൾ സമരം ഒരു ഓർമയായി മാറി. പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും വിയർപ്പിൽനിന്ന് ഉയർന്ന ചെങ്കൊടി പാർട്ടി ഓഫീസുകൾക്ക് മുന്നിൽ ഇന്നും പാറുന്നുണ്ടെങ്കിലും, സാധാരണക്കാരന്റെ ജീവിതത്തിലും വേദനയിലും പ്രതീക്ഷയിലും പാർട്ടി ഇന്നും ഒപ്പമുണ്ടോ എന്ന ചോദ്യമാണ് നിർണായകം. ഒന്നാം പിണറായി സർക്കാരിനുണ്ടായിരുന്ന ജനസ്വീകാര്യതയിൽനിന്ന് രണ്ടാം സർക്കാരിന്റെ കാലത്ത് പ്രതിച്ഛായ വലിയ തോതിൽ ഇടിഞ്ഞു. ജനവികാരത്തിന്റെ വേലിയേറ്റത്തിൽ ഹൃദയപക്ഷത്ത് നിർത്തിയ ഇടതുപക്ഷത്തെ അതേ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ എഴുതിത്തള്ളിയെങ്കിൽ അതിന് പിന്നിലെ കാരണങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. കരുവന്നൂർ മുതൽ സ്മാർട്ട് മീറ്റർ വരെയുള്ള വിഷയങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് “രാഷ്ട്രീയ ഗൂഢാലോചന” എന്ന ഒറ്റ മറുപടി ആവർത്തിച്ചത് പലപ്പോഴും ജനങ്ങളുടെ സാമാന്യബുദ്ധിയെ അവഗണിക്കുന്നതായി തോന്നിച്ചു. വിമർശനങ്ങളെ രാഷ്ട്രീയ ശത്രുതയായി മാത്രം കാണുന്ന സമീപനം വിശ്വാസം വർധിപ്പിക്കില്ല. അതുപോലെ തന്നെ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് അപരിചിതമായിരുന്ന വ്യക്തിപൂജയും വീരാരാധനയും സംഘടനയുടെ വിവിധ തലങ്ങളിൽ പ്രകടമായപ്പോൾ അതുണ്ടാക്കിയ അകലം തിരിച്ചറിയുന്നതിലും പാർട്ടി വൈകി. കേരളം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾക്കും പാർട്ടിക്കും സർക്കാരിനും വ്യക്തമായ ബദൽ കാഴ്ചപ്പാട് ആവശ്യമാണ്. വികസനത്തിന്റെ പതിവ് മുദ്രാവാക്യങ്ങൾക്കപ്പുറം തൊഴിൽ എവിടെ, യുവാക്കൾക്ക് അവസരം എവിടെ, കർഷകന് സുരക്ഷ എവിടെ, സാധാരണക്കാരന് ആശ്വാസം എവിടെ എന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി വേണം. കെ–റെയിൽ പോലുള്ള പദ്ധതികളിൽ ഉയർന്ന ആശയക്കുഴപ്പങ്ങളും എതിർപ്പുകളും ഇതിന്റെ പാഠമാണ്. കേരളത്തിലെ യുവാക്കൾ വലിയ തോതിൽ അന്യദേശങ്ങളിലേക്ക് ഒഴുകുമ്പോൾ അവരെ ഇവിടെ പിടിച്ചുനിർത്താൻ കഴിയുന്ന തൊഴിൽ–വികസന ബദൽ എന്താണെന്ന് ഇടതുപക്ഷം പറയണം. കുടിശ്ശിക കിട്ടാതെ നിൽക്കുന്ന കർഷകനോടും ജോലി തേടി അലയുന്ന യുവാവിനോടും ജീവിതച്ചെലവിൽ വലയുന്ന സാധാരണക്കാരനോടും സംസാരിക്കാതെ നടത്തുന്ന രാഷ്ട്രീയ തിരുത്തൽ അപൂർണമാകും. സി.പി.എമ്മിന്റെ യഥാർഥ ശക്തി അതിന്റെ കേഡറാണ്. ആ കേഡർമാരെ ആശയക്കുഴപ്പത്തിലാക്കാതെ പാർട്ടി എന്താണ്, നയം എന്താണ്, ബദൽ എന്താണ് എന്നതിന് വ്യക്തമായ ദിശ നൽകണം. സാമൂഹ്യമാധ്യമങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ഇടങ്ങളാകണം; പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന വേദികളാകരുത്. ഒരുകാലത്ത് നേതാക്കളും പ്രവർത്തകരും ജനങ്ങളും തമ്മിൽ കുടുംബബന്ധം പോലെയായിരുന്നു. വീടുകളിൽ പോയി ജനങ്ങളെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്നത് ചടങ്ങല്ല, രാഷ്ട്രീയത്തിന്റെ ദിനചര്യയായിരുന്നു. ആ ബന്ധം തിരിച്ചുപിടിക്കുകയാണ് സി.പി.എമ്മിന്റെ ഏറ്റവും വലിയ തിരുത്തൽ. കോഴിക്കോട് നടന്നത് അതുകൊണ്ട് ഒരു യോഗത്തിന്റെ സമാപനം മാത്രമല്ല; ഒരു രാഷ്ട്രീയ ആത്മപരിശോധനയുടെ തുടക്കമാകണം. വിമർശനത്തെ സഹിഷ്ണുതയോടെ സ്വീകരിക്കുമെന്നും തിരുത്തലിന് തയ്യാറാണെന്നും പാർട്ടി ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ആ പ്രഖ്യാപനം ജീവിതത്തിൽ തെളിയിക്കണം. തിരുത്തൽ റിപ്പോർട്ടുകളിൽ മാത്രം ഉണ്ടാകരുത്; പാർട്ടി ഓഫീസുകളിൽനിന്ന് ബ്രാഞ്ചുകളിലേക്കും അവിടെനിന്ന് ജനങ്ങളുടെ വീടുകളിലേക്കും എത്തണം. മേൽത്തട്ട് മുതൽ കീഴ്ഘടകം വരെ ഓരോ സഖാവും സ്വയം മാറാൻ തയ്യാറാകണം. അല്ലെങ്കിൽ അടുത്ത വിശാല സംസ്ഥാന സമിതിയിലും ഇതേ തിരുത്തലിന്റെ വാക്കുകൾ ആവർത്തിക്കേണ്ടിവരും. കർഷകന്റെ കുടിശ്ശിക തീരാതെ, യുവാവിന് തൊഴിൽ ലഭിക്കാതെ, സാധാരണക്കാരന്റെ വിശ്വാസം തിരിച്ചുപിടിക്കാതെ ഒരു രാഷ്ട്രീയ തിരുത്തലും പൂർത്തിയാകില്ല. ശക്തമായ ഇടതുപക്ഷം കേരളത്തിന്റെ കരുത്തും ആത്മവിശ്വാസവുമാണ്. അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ ഈ തിരുത്തൽ ശ്രമത്തെ കാണേണ്ടത് പരിഹാസത്തോടെയല്ല, വിമർശനത്തോടൊപ്പം പ്രതീക്ഷയോടെയുമാണ്. പക്ഷേ ആ പ്രതീക്ഷ നിലനിൽക്കണമെങ്കിൽ കോഴിക്കോട് ഉയർന്ന തിരുത്തലിന്റെ ശബ്ദം ഇനി ജനങ്ങളുടെ ജീവിതത്തിൽ കേൾക്കണം.
1
