Home Top Storiesമെസ്സിയുടെ പേരിലെ തട്ടിപ്പ്; ചാനൽ ആസ്ഥാനത്ത് പുലർച്ചെ പോലീസ് റെയ്ഡ്, ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ചാനൽ ആസ്ഥാനത്ത് പുലർച്ചെ പോലീസ് റെയ്ഡ്, ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന

by news_desk
0 comments

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ കൊച്ചി കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലുൾപ്പെടെ സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി ഒരേസമയം മിന്നൽ പരിശോധന നടത്തി.

തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം സെർച്ച് വാറന്റുമായാണ് പുലർച്ചെയോടെ കളമശ്ശേരിയിലെ ചാനൽ ആസ്ഥാനത്ത് എത്തിയത്. എ.ഡി.ജി.പി പി. വിജയന്റെ മേൽനോട്ടത്തിലാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്. പ്രധാന ന്യൂസ് ഡെസ്കും സ്റ്റുഡിയോയും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇതോടൊപ്പം, കേസിലെ പ്രധാന സ്പോൺസറായ ആന്റോ അഗസ്റ്റിന്റെ വീടും ഓഫീസുകളും സ്ഥിതി ചെയ്യുന്ന വയനാട്ടിലും, എറണാകുളം ജില്ലയിലെ മറ്റ് മൂന്നിടങ്ങളിലും ഒരേസമയം റെയ്ഡ് നടന്നു.

ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താൻ മുൻ സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നും തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിർണായക രേഖകൾ കണ്ടെത്താനുമാണ് പരിശോധന. കരാറുകൾ സുതാര്യമാണെന്നും ആവശ്യമായ രേഖകൾ കൈവശമുണ്ടെന്നും സ്പോൺസർ മുൻപ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ ശരിവെക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കാൻ കമ്പനിക്ക് കഴിയുമോയെന്നാണ് കേസിൽ ഇനി നിർണായകമാകുന്നത്.

You may also like