Home Top Stories‘ബിനാമി ഇടപാടുകൾ തെളിഞ്ഞു, കമ്പനിയും പ്രതി’; ചാനൽ ഓഫീസിലെ പരിശോധനയിൽ വിശദീകരണവുമായി എസ്.ഐ.ടി

‘ബിനാമി ഇടപാടുകൾ തെളിഞ്ഞു, കമ്പനിയും പ്രതി’; ചാനൽ ഓഫീസിലെ പരിശോധനയിൽ വിശദീകരണവുമായി എസ്.ഐ.ടി

by news_desk
0 comments

കൊച്ചി: മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിശദീകരണവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിലെ തട്ടിപ്പിൽ ചാനൽ കമ്പനിയും പ്രതിയാണെന്നും, കളമശ്ശേരിയിലെ ഈ ഓഫീസ് വിലാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എസ്.ഐ.ടി വ്യക്തമാക്കി. ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ കണ്ടെത്താനാണ് പരിശോധന നടത്തിയതെന്നും ചാനൽ ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം, പരിശോധനയോട് ചാനൽ അധികൃതർ സഹകരിച്ചില്ലെന്ന് തൃക്കാക്കര എ.സി.പി ആരോപിച്ചു. അഡ്മിൻ ഓഫീസ് തുറന്നുനൽകാൻ അധികൃതർ തയ്യാറായില്ല. മറ്റിടങ്ങളിൽ ആരെയും കാണാത്തതിനാലാണ് വിവരം തിരക്കാൻ ന്യൂസ് ഡെസ്കിലേക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് എടുത്ത എസ്.ഐ.ടി, പ്രമുഖ വ്യവസായികളായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിൽ ഇതിനോടകം ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

സ്പോൺസർഷിപ്പ് പണം വന്ന വഴി, സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത്, കലൂർ സ്റ്റേഡിയം മുൻകൂർ അനുമതിയില്ലാതെ കൈവശം വെച്ചത്, വിദേശത്തേക്ക് പണം അയച്ചതിന്റെ ഉറവിടം, ഫെമ (FEMA) ചട്ടങ്ങൾ ലംഘിച്ചുള്ള പണമിടപാടുകൾ എന്നിവ മുൻനിർത്തിയാണ് അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കുന്നത്.

You may also like