Home Top Storiesസിപിഐഎമ്മിനെ തകർക്കാൻ സംഘടിത ശ്രമം നടന്നു; വലതുപക്ഷ മാധ്യമങ്ങളും വേട്ടയാടി: പിണറായി വിജയൻ

സിപിഐഎമ്മിനെ തകർക്കാൻ സംഘടിത ശ്രമം നടന്നു; വലതുപക്ഷ മാധ്യമങ്ങളും വേട്ടയാടി: പിണറായി വിജയൻ

by news_desk1
0 comments

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തകർക്കാൻ രാഷ്ട്രീയ എതിരാളികൾ സംഘടിതമായി ശ്രമിച്ചെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ വേട്ടയാടുകയും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വാർത്തകൾ ചമച്ചുവിട്ടെന്നും പിണറായി പറഞ്ഞു. കോഴിക്കോട് നടന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ പാർട്ടിയുടെ പ്രവർത്തനവും ജനങ്ങളുമായുള്ള ബന്ധവും അനുഭവിച്ചവർ സിപിഐഎമ്മിനൊപ്പം നിന്നെന്നും ഇതുവഴി ജനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ആത്മബന്ധം രൂപപ്പെട്ടെന്നും പിണറായി പറഞ്ഞു. ഇഎംഎസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം കേരളത്തിലെ വലതുപക്ഷ സംഘടനകളിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും രാജ്യവ്യാപകമായി നടന്നെന്നും അദ്ദേഹം ആരോപിച്ചു.

വഖഫ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിമർശനം ഉന്നയിച്ചു. ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ആരോപിച്ച അദ്ദേഹം, എൽഡിഎഫ് പരാജയപ്പെട്ടില്ലെങ്കിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാകുമായിരുന്നോ എന്നും ചോദിച്ചു. പിഎംശ്രീ പദ്ധതിയിലും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിമർശിച്ചു. സർവകലാശാലകളിലെ വിസി നിയമനത്തിലും സർക്കാരിനെ വിമർശിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ പാനലിൽനിന്നാണ് വിസിയെ നിയമിക്കേണ്ടതെന്നും ചാൻസലർ അതിന് ബാധ്യസ്ഥനാണെന്നും പറഞ്ഞു.

പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിയിൽ രാജ്യത്ത് നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും ബിജെപി രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും പിണറായി ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് കേരളത്തിൽ എൽഡിഎഫ് സർക്കാരുണ്ടായിരുന്നതിനാൽ ഇത്തരം നിയമങ്ങൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെന്നും മറ്റ് സംസ്ഥാനങ്ങളിൽ അത്തരമൊരു പ്രഖ്യാപനം ഉണ്ടായോ എന്നും ചോദിച്ചു. എസ്ഐആറിന്റെ പേരിൽ വോട്ടർപട്ടികയിൽനിന്ന് ദശലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് എൽഡിഎഫെന്നും എതിർപ്പ് ഉയരണമെങ്കിൽ സിപിഐഎം കൂടുതൽ വളരണമെന്നും മുന്നേറണമെന്നും പിണറായി പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി പാർട്ടിക്ക് കൂടുതൽ ഊർജം പകർന്നതായും അദ്ദേഹം വ്യക്തമാക്കി.

You may also like