കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കത്തിൽ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം. പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഇ.ഡി. ലക്ഷ്യമിടുകയാണെന്നാണ് സിപിഐഎം വിലയിരുത്തൽ. ഇ.ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ഇ.ഡി. നടത്തുന്നതെന്നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും പ്രതികരണം.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിലേക്ക് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണെന്ന പൊതുവികാരവും സിപിഐഎം നേതാക്കൾക്കിടയിലുണ്ട്. ഡിജിപിക്ക് ഇ.ഡി. നൽകിയ കത്തിലെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരുന്ന സാഹചര്യത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചത്.
ഡിജിപിക്ക് ഇ.ഡി. നൽകിയ കത്തിലെ കൂടുതൽ വിവരങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. വീണ വിജയൻ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളാണ് കത്തിലുള്ളത്. ദുബായിലേക്ക് വീണ വിജയൻ 85 ലക്ഷം രൂപ കൈമാറിയെന്നാണ് കത്തിൽ പറയുന്നത്. വീണ സ്വന്തം കൈപ്പടയിൽ എഴുതിയ പണമിടപാടിന്റെ കുറിപ്പുകളും കത്തിനൊപ്പമുണ്ടെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.
മുഹമ്മദ് റിയാസിനെതിരെ ഹസൻ വാരിസിന്റെ നിർണായക മൊഴിയുണ്ടെന്നും ഇ.ഡി. കത്തിൽ പറയുന്നു. ഹവാല ഏജന്റായ സുബൈർ കരുവാംപോയിൽ വഴി അഞ്ച് തവണ പണം കടത്തിയെന്നാണ് ഹസൻ വാരിസിന്റെ മൊഴിയിലുള്ളതെന്നാണ് ഇ.ഡിയുടെ വിശദീകരണം. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള ഒരു വർഷത്തിനിടെ 1.20 കോടി രൂപ ഇത്തരത്തിൽ കൈമാറിയെന്നും ഇ.ഡി. പറയുന്നു.
ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിർദേശമെന്നും റിയാസിന്റെ നിർദേശപ്രകാരം ചിലർ പണം നൽകിയെന്നുമാണ് ഹസൻ വാരിസിന്റെ മൊഴിയിലുള്ളതെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. ഹസൻ വാരിസിന്റെ ഫോണിൽ ചില നമ്പറുകൾ ‘ഹവാ’ എന്ന പേരിൽ സേവ് ചെയ്തിരുന്നതായും ഇ.ഡി. പറയുന്നു.
ഹവാല ഇടപാടിനായി ‘നമ്മൾ ബേപ്പൂർ ടീം’ എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ‘DXB Subair Koduvally Hawa’ എന്ന നമ്പറിലേക്ക് നടത്തിയ ചാറ്റുകൾ ഹവാല ഇടപാട് നടന്നതിന്റെ തെളിവാണെന്നും ഇ.ഡി. കത്തിൽ പറയുന്നുണ്ട്. ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിൽ സേവ് ചെയ്ത നമ്പറും വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നുവെന്നും കത്തിൽ പറയുന്നു.
കത്തിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഹമ്മദ് റിയാസ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്നെ ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു റിയാസിന്റെ ആരോപണം. പ്രധാന തെളിവുകളായാണ് ഇവയെ കാണുന്നതെങ്കിൽ ഇ.ഡി. വിവരങ്ങൾ ഇത്തരത്തിൽ പുറത്തുവിടുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസമായ ഇന്നുതന്നെ വിവരങ്ങൾ പുറത്തുവന്നതിലും റിയാസ് സംശയം ഉന്നയിച്ചിരുന്നു. വൈകിട്ട് ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കുന്നതിനിടെ തെളിവുകൾ പുറത്തുവിടാൻ എന്തിനാണ് ഈ ദിവസം തന്നെ തിരഞ്ഞെടുത്തതെന്നും റിയാസ് ചോദിച്ചിരുന്നു.
