ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വിവിധ സ്റ്റൈലുകൾ അനുകരിച്ച് നിർമിച്ച ഗണേശ വിഗ്രഹങ്ങൾക്കെതിരെ ബിജെപി. വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം ‘ഗില്ലി’യിലെ കഥാപാത്രത്തിന്റെ വേഷം ഉൾപ്പെടെ അനുകരിച്ചുള്ള വിഗ്രഹങ്ങളാണ് ആർ.കെ. നഗറിൽ സ്ഥാപിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ വിഗ്രഹങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നയനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.
ജനങ്ങളുടെ മതവികാരങ്ങളെ ഇകഴ്ത്തുന്ന നടപടിയാണ് ഇതെന്ന് നയനാർ നാഗേന്ദ്രൻ ആരോപിച്ചു. അതേസമയം, വിവാദമായ വിഗ്രഹങ്ങളെല്ലാം ഇതിനകം നീക്കം ചെയ്തതായും പ്രാദേശിക വിജയ് ആരാധകർ കഴിഞ്ഞ എട്ട് വർഷമായി ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഇത്തരം വിഗ്രഹങ്ങൾ പ്രദർശിപ്പിക്കാറുണ്ടെന്നും ടി.വി.കെ. വൃത്തങ്ങൾ വിശദീകരിച്ചു.
മതപരമായ ആഘോഷങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റുന്നതിന് അണികൾക്ക് വിജയ് മൗനാനുവാദം നൽകുകയാണെന്നും നയനാർ നാഗേന്ദ്രൻ ആരോപിച്ചു. ഇത്തരം നടപടികൾക്ക് തുടക്കത്തിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കാത്തതാണ് പലരും പരിധി ലംഘിച്ച് ഇത്തരം രീതികൾ തുടരാൻ കാരണമെന്നും ബിജെപി കുറ്റപ്പെടുത്തി.
സംഭവത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമപരമായി നീങ്ങണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഗില്ലി ചിത്രത്തിലെ കബഡി വേഷം, പാർട്ടി പ്രചാരണത്തിനിടെ വിജയ് ധരിച്ചിരുന്ന ടി.വി.കെ. പതാക ഉൾപ്പെടെയുള്ള വേഷം, മുഖ്യമന്ത്രി ആയതിന് ശേഷം അദ്ദേഹം ഉപയോഗിക്കുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രധാരണ രീതി എന്നിവ അനുകരിച്ചാണ് ആരാധകർ ഗണേശ വിഗ്രഹങ്ങൾ ഒരുക്കിയത്.
വിഗ്രഹങ്ങൾ പ്രദേശത്ത് വലിയ ശ്രദ്ധ നേടിയതോടെ നിരവധി പേർ അവ കാണാനെത്തി. ഇതോടെ പ്രദേശത്ത് വലിയ ജനക്കൂട്ടവും രൂപപ്പെട്ടു. വിഗ്രഹങ്ങൾക്കൊപ്പമുള്ള നിരവധി പേരുടെ സെൽഫി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
