വയനാട്: സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ കാണാതായ സംഭവത്തിൽ താൻ നിരപരാധിയാണെന്ന് കേസിലെ പ്രതിയായ സബിത്ത്. തൊണ്ടിമുതൽ താൻ എടുത്തിട്ടില്ലെന്നും കാണാതായതായി പറയുന്ന പുകയില ഉത്പന്നങ്ങൾ ഇപ്പോഴും സ്റ്റേഷൻ പരിധിയിൽ തന്നെയുണ്ടെന്നും സബിത്ത് പ്രതികരിച്ചു.
സ്റ്റേഷനിൽ നിന്ന് രാത്രിയിൽ തൊണ്ടിമുതൽ കോൺസ്റ്റബിൾ സബിത്ത് സ്വന്തം കാറിൽ കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് സബിത്ത് രംഗത്തെത്തിയത്.
ഓഗസ്റ്റ് 20ന് താൻ രാത്രി ഡ്യൂട്ടിയിലായിരുന്നുവെന്ന് സബിത്ത് പറഞ്ഞു. വാഹനം കഴുകുന്നതിനായി പുറത്തേക്ക് പോയപ്പോഴാണ് പ്രോപ്പർട്ടി റൂമിന് പുറത്ത് തൊണ്ടിമുതലിന്റെ ചാക്കുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചാക്കുകൾ തിരികെ പ്രോപ്പർട്ടി റൂമിൽ വയ്ക്കുന്നതിനായി താക്കോൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് ചാക്കുകൾ തന്റെ വാഹനത്തിൽ കയറ്റി ഡിവൈഎസ്പി ഓഫീസിന് പിന്നിലുള്ള മുറിയിലേക്ക് മാറ്റിവെച്ചതെന്നും സബിത്ത് പറഞ്ഞു.
ഹാൻസ് ചാക്കുകൾ സ്റ്റേഷന്റെ പുറത്തും മറ്റ് പല സ്ഥലങ്ങളിലും സൂക്ഷിക്കാറുണ്ടെന്നും സബിത്ത് കൂട്ടിച്ചേർത്തു. എന്നാൽ ചാക്കുകൾ പുറത്തുള്ള മുറിയിലേക്ക് മാറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയതിനാലാണ് അന്ന് വിവരം അറിയിക്കാതിരുന്നതെന്നും അടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോൾ അറിയിക്കാൻ വിട്ടുപോയെന്നും സബിത്ത് വിശദീകരിച്ചു.
അടുത്ത ദിവസം മുതൽ താൻ അവധിയിൽ പ്രവേശിക്കുകയായിരുന്നുവെന്നും കേസിലെ പ്രതിയാണെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് ഇന്നറിഞ്ഞതെന്നും സബിത്ത് പറഞ്ഞു. തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതും അപ്പോഴാണ് അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും തന്നെ വിളിക്കുകയോ തൊണ്ടിമുതൽ എവിടെയാണെന്ന് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും സബിത്ത് വ്യക്തമാക്കി.
തൊണ്ടിമുതൽ എങ്ങനെയാണ് പ്രോപ്പർട്ടി റൂമിന് പുറത്തേക്ക് എത്തിയതെന്ന് തനിക്ക് അറിയില്ലെന്നും സബിത്ത് പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ബത്തേരി ഇൻസ്‌പെക്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ലെന്നും സബിത്ത് പ്രതികരിച്ചു. സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുല്‍ത്താൻ ബത്തേരി സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് 13,800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് കാണാതായത്. സ്റ്റേഷനിലേക്ക് ഒരു കാർ എത്തുന്നതും അതിലേക്ക് ലഹരിചാക്കുകൾ എടുത്തുവയ്ക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ജൂണിലാണ് സുല്‍ത്താൻ ബത്തേരിയിൽ വൻതോതിലുള്ള ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് സ്റ്റേഷനിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ കാണാതായ സംഭവത്തിൽ സെപ്റ്റംബർ എട്ടിനാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
