Home Kerala‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം’; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ

‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം’; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ

by news_desk1
0 comments

കണ്ണൂർ: മുന്നണിയെ നയിക്കാൻ നിലവിൽ പിണറായി വിജയന് പകരം മറ്റൊരു നേതാവിനെ കാണുന്നില്ലെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഇന്നത്തെ സാഹചര്യത്തിൽ പിണറായിക്ക് പകരം നിൽക്കാൻ മറ്റൊരു നേതൃത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടറിയാകാൻ യോഗ്യതയുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പാർട്ടി നേതൃത്വത്തിൽ അണികൾക്കിടയിൽ കടുത്ത അവിശ്വാസം രൂപപ്പെട്ടിട്ടുണ്ടെന്നും നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിയിൽ അതൃപ്തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മൂന്നുദിവസം രാവും പകലും ഇരുന്ന് ചർച്ച നടത്തിയാലും ഈ അസംതൃപ്തിയുടെ കാരണങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും അതിന് കാരണം നേതൃത്വം തന്നെയാണെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലും പിണറായി വിജയനെ പിന്തുണച്ചാണ് ടി.കെ. ഗോവിന്ദൻ പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന്റെ ആയുധമായി പ്രവർത്തിക്കുന്ന നിലവാരമില്ലാത്ത ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റെന്നും ഇ.ഡിയുടേത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയിലേക്ക് ആളെ ചേർക്കുന്ന പണിയാണ് ഇ.ഡി ചെയ്യുന്നതെന്നും ടി.കെ. ഗോവിന്ദൻ കുറ്റപ്പെടുത്തി.

പിണറായി വിജയന് മകൾ മുഖേന മൂന്ന് കോടി രൂപ വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പിണറായിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ ഇ.ഡി പറയുന്ന കാര്യങ്ങൾ അന്നം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പലപ്പോഴും സ്വീകരിക്കുന്ന നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. കുഴിയിൽ വീണതിന്റെ മുകളിൽ വീണ്ടും കല്ലെടുത്തിടുന്ന സമീപനമാണ് സിപിഐയുടേതെന്നും അദ്ദേഹം വിമർശിച്ചു.

ഒരു ഘടകകക്ഷി അപകടത്തിൽപ്പെടുമ്പോൾ മുന്നണിയിലെ മറ്റ് കക്ഷികൾ യോജിച്ച് നിൽക്കുകയാണ് വേണ്ടതെന്നും അല്ലാതെ കുറ്റപ്പെടുത്തുന്ന സമീപനത്തോട് യോജിക്കാൻ കഴിയില്ലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

You may also like