വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഒളിവിൽ കഴിയുന്ന സബിത്തിനെതിരെ വകുപ്പുതല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസാണ് കാണാതായത്. കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ മോഷണം പോയതായി കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്നതിനാൽ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ അന്വേഷണം.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇവ പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.
പൊലീസിന്റെ വിവരമനുസരിച്ച് ജൂലൈ 18ന് രാത്രി ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് തൊണ്ടിമുതൽ കടത്തിയത്. സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് കൊണ്ടുപോയതെന്നാണ് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തെ സബിത്തിലേക്ക് എത്തിക്കുന്നതിൽ നിർണായകമായത്.
ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ.
ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ, ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ തന്നെ ഒരു പൊലീസുകാരൻ കടത്തിയ സംഭവം സേനയ്ക്കും വലിയ നാണക്കേടായി.
