പാലക്കാട്: ഓണത്തിന് മുൻപ് നെല്ലിൻ്റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ല. പാലക്കാട് ജില്ലയിൽ നെല്ല് നൽകിയിട്ടും പണം ലഭിക്കാതെ പതിനായിരത്തോളം കർഷകർ ഇപ്പോഴും കാത്തിരിപ്പിലാണ്. അടുത്ത കൊയ്ത്തിന് സമയമായിട്ടും എട്ട് മാസം മുൻപ് നൽകിയ നെല്ലിൻ്റെ പണത്തിനായാണ് പലരും കാത്തിരിക്കുന്നത്. ഇവരിൽ വലിയൊരു വിഭാഗം 70 വയസ് പിന്നിട്ടവരുമാണ്.
നെല്ലെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര താങ്ങുവില വിഹിതത്തിൽ നിന്ന് 209 കോടി രൂപ അനുവദിച്ചിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. രണ്ടാംവിള നെല്ലെടുപ്പിൽ സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതവും പൂർണതോതിൽ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് നിലവിൽ നെല്ലുവില നൽകുന്നത്.
ഇതിനുപുറമെ കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലിൻ്റെ മുഴുവൻ വിലയും നൽകാനാകുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ തുക ലഭിക്കാതെ കർഷകർ ഇപ്പോഴും ദുരിതത്തിലാണ്.
കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനായി ഭക്ഷ്യമന്ത്രിയെന്ന നിലയിൽ ഡൽഹിയിലെത്തി കേന്ദ്ര ഭക്ഷ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുകയും നിരന്തരം കത്തുകൾ അയക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് കേന്ദ്രം തുക അനുവദിച്ചതെന്നും ഭക്ഷ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
നെല്ലിൻ്റെ വില ഒട്ടും വൈകാതെ പൂർണമായും കൊടുത്തുതീർക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉറപ്പ്. അവധി ദിവസങ്ങളിലടക്കം കർഷകരുടെ അക്കൗണ്ടിലേക്ക് തുക എത്തിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ഉറപ്പുകളും വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയതോടെ മാസങ്ങളായി പണത്തിനായി കാത്തിരിക്കുന്ന കർഷകരുടെ ദുരിതം തുടരുകയാണ്.
