തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ അന്വേഷണത്തിൽ പി.എസ്.സിയും ക്രൈംബ്രാഞ്ചും നേർക്കുനേർ. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാട് ആവർത്തിച്ച് പി.എസ്.സി. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് കമ്മീഷന്റെ നീക്കം. പി.എസ്.സി അംഗങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും ഇന്നത്തെ കമ്മീഷൻ യോഗത്തിൽ ഉയർന്നു.
നാല് പി.എസ്.സി അംഗങ്ങളോടാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്നാണ് അന്വേഷണസംഘം നിർദേശിച്ചത്. എന്നാൽ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ പ്രശ്നമുണ്ടെന്നാണ് കമ്മീഷന്റെ നിലപാട്.
പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ചോദ്യംചെയ്യൽ എവിടെ നടത്തണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. പി.എസ്.സി അംഗങ്ങളെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുന്നതിൽ നിയമപരമായ തടസ്സമില്ലെന്നാണ് തങ്ങൾക്ക് ലഭിച്ച നിയമോപദേശമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
നോട്ടീസുമായി ബന്ധപ്പെട്ട വിഷയം നാളത്തെ പ്രതിവാര കമ്മീഷൻ യോഗത്തിൽ ചർച്ച ചെയ്യും. അംഗങ്ങൾ ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ചും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
നോട്ടീസ് ലഭിച്ച നാല് അംഗങ്ങളിൽ മൂന്ന് പേർ വിവാദ തസ്തികയിലേക്കുള്ള അഭിമുഖ ബോർഡിൽ പി.എസ്.സി ചെയർമാനൊപ്പം അംഗങ്ങളായിരുന്നു. എന്നാൽ ചെയർമാന് ഇതുവരെ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടില്ല.
പി.എസ്.സി അംഗങ്ങളുടെ ചോദ്യംചെയ്യലിന് ശേഷമേ പരീക്ഷാ ക്രമക്കേടിൽ വീഴ്ച വരുത്തിയ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തുകൊണ്ടുവരാനാകൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് ചോദ്യംചെയ്യൽ സംബന്ധിച്ച് പി.എസ്.സിയും അന്വേഷണസംഘവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്നത്.
