Home Top Storiesസിപിഐഎം സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി; പി. ജയരാജനും ശിവൻകുട്ടിയും എം.ബി. രാജേഷും അകത്ത്, ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും പുറത്ത്

സിപിഐഎം സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി; പി. ജയരാജനും ശിവൻകുട്ടിയും എം.ബി. രാജേഷും അകത്ത്, ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും പുറത്ത്

by news_desk1
0 comments

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ കണ്ണൂരിൽ നിന്ന് പി. ജയരാജനും തിരുവനന്തപുരത്ത് നിന്ന് വി. ശിവൻകുട്ടിയും പാലക്കാട് നിന്ന് എം.ബി. രാജേഷും ഇടംപിടിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയും ടി.എം. തോമസ് ഐസക്കിനെയും സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി.

ജോൺ ബ്രിട്ടാസിനെ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. നേരത്തെ പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ പാർട്ടിക്കുള്ളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സിപിഐഎം മുതിർന്ന നേതാവ് അശോക് ദാവ്‌ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജന്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണച്ചു.

പി. ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് സിപിഐഎമ്മിന്റെ തിരുത്തൽ തീരുമാനത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

അതേസമയം, സംസ്ഥാന കമ്മിറ്റിയിൽ ഒൻപത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ഒ.എസ്. അംബിക, പ്രഭാവർമ്മ, സുബൈദ ഇസ്ഹാഖ്, എൻ. സുകന്യ, എം. വിജിൻ, ജെയ്ക് സി. തോമസ്, ആദർശ് എം. സജി, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കൾ.

കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെയും സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി.

അതിനിടെ, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ജനറൽ സെക്രട്ടറി എം.എ. ബേബി ശാസിച്ചു. കണ്ണൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

സംഘടനാപരമായ കാര്യങ്ങൾ പരിശോധിക്കുന്നത് കൂട്ടുത്തരവാദിത്വമാണെന്ന് എം.എ. ബേബി പറഞ്ഞു. എന്നാൽ കൂട്ടുത്തരവാദിത്വത്തിനൊപ്പം ചില വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾ കൂടിയുണ്ടെന്നും അത് നിർവഹിക്കുന്നതിൽ ഉൾപ്പെടെ എം.വി. ഗോവിന്ദന് വീഴ്ച സംഭവിച്ചതായും അദ്ദേഹം വിമർശിച്ചു.

പിണറായി വിജയൻ ശൈലി മാറ്റണമെന്നും എം.എ. ബേബി മറുപടി പ്രസംഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് പിഴവുകൾ തിരുത്തി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ഉറച്ച ഐക്യബോധത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സമരരംഗത്ത് സജീവമായി ഇടപെടുമെന്നും ഇടതുമുന്നണി നേതാക്കളെ ഇ.ഡി. വേട്ടയാടുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

You may also like