ഡൽഹി: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതിരുന്നത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുകയും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്തെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും കേരളം വ്യക്തമാക്കി.
2014ൽ ജാബുവ പവർ, ജിൻഡൽ പവർ, ജിൻഡൽ ഇന്ത്യ തെർമൽ പവർ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിരുന്നു. 2016 മുതൽ വൈദ്യുതി വാങ്ങിയെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വാങ്ങൽ തടഞ്ഞു. സർക്കാർ ഇടപെടലിനെ തുടർന്ന് കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂല വിധിയുണ്ടാകുകയും ചെയ്തു.
ഇതിനെതിരായ ഹർജിയാണ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിലെത്തിയത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അപേക്ഷ ഫയൽ ചെയ്തത്.
