Home Keralaവിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ സഹപാഠികളുടെ പ്രതിഷേധം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

വിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ സഹപാഠികളുടെ പ്രതിഷേധം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

by news_desk1
0 comments

കോലഞ്ചേരി: സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരായ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16) ആത്മഹത്യ ചെയ്യാനിടയായത് അധ്യാപകരുടെ പീഡനത്തെ തുടർന്നാണെന്ന് സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ. കെ. ഷാജു സ്വമേധയാ കേസെടുത്തത്.

സംഭവത്തിൽ പുത്തൻകുരിശ് എസ്.എച്ച്.ഒയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്‍റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഏബലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികൾ ക്ലാസിൽ മൊബൈൽ ഫോണുകൾ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപകർ ഫോണുകൾ പിടിച്ചെടുത്ത് രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു. ഫോൺ പരിശോധിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ഏബലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപാഠികളുടെ ആരോപണം. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

എന്നാൽ ഫോണുകൾ പരിശോധിച്ചിട്ടില്ലെന്നും പ്രത്യേകം കവറുകളിലാക്കി രക്ഷിതാക്കളെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം നൽകുന്നതിനും വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുന്നതിനുമായി തിങ്കളാഴ്ച സ്കൂളിൽ രക്ഷാകർത്തൃയോഗം വിളിച്ചിരുന്നു.

യോഗത്തിനിടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രക്ഷിതാക്കളിൽ ചിലർ വിദ്യാർത്ഥികളോട് കയർത്തതോടെ യോഗത്തിൽ സംഘർഷാവസ്ഥയുണ്ടായി. അധ്യാപകർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായെത്തി അധ്യാപകർക്കെതിരെ പ്രതിഷേധിച്ചു.

സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയയായ അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുമെന്നും സ്കൂൾ മാനേജർ അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരം സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like