കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിൽ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ അനുഭവിക്കുന്നതിനായി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നത്. 2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. സ്വത്തിന്റെ വരവ് തെളിയിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ വിജിലൻസിന് കണ്ടെത്താനായെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.
അന്ന് എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. വിജിലൻസ് സമർപ്പിച്ച രേഖകളും തെളിവുകളും പരിഗണിച്ചാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ കേസിൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിന് പിന്നാലെയാണ് കോടതി നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്.
