Home Top Stories‘ആശുപത്രി കിടക്കയിൽ മാനസിക പീഡനം, ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു’; ഇ.ഡിക്കെതിരെ ശശിധരൻ കർത്ത

‘ആശുപത്രി കിടക്കയിൽ മാനസിക പീഡനം, ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു’; ഇ.ഡിക്കെതിരെ ശശിധരൻ കർത്ത

by news_desk
0 comments

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ ഗുരുതര ആരോപണങ്ങളുമായി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത. താൻ നൽകിയ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന വെളിപ്പെടുത്തലുള്ളത്. 2024-ൽ സഹോദരൻ വഴി നൽകിയ ഈ മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തുവന്നു.

സേവനങ്ങളൊന്നും ലഭിക്കാതെയാണ് ടി. വീണയ്ക്ക് പണം നൽകിയതെന്ന് ശശിധരൻ കർത്ത ഇ.ഡിക്ക് മുൻപിൽ സമ്മതിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പുതിയ സത്യവാങ്മൂലം. 2024 ഏപ്രിലിൽ ആശുപത്രി കിടക്കയിൽ കഴിയവേ തനിക്ക് നേരെ ഇ.ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനം ഉണ്ടായെന്നും, മറ്റ് ഉദ്യോഗസ്ഥർ നൽകിയ മൊഴി എന്താണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നും ശശിധരൻ കർത്ത വ്യക്തമാക്കുന്നു.

നേരത്തെ കേസിലെ മറ്റ് പ്രതികളായ സി.എം.ആർ.എൽ മുൻ സി.എഫ്.ഒ സുരേഷ് കുമാർ, മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് എന്നിവരും ഇ.ഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തതാണെന്ന് കാട്ടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

അതേസമയം, പ്രതികളുടെ മൊഴി പിൻവലിക്കൽ ആവശ്യങ്ങൾ ഇ.ഡി തള്ളി. ഇത്തരം അവകാശവാദങ്ങൾ മുഖവിലയ്‌ക്കെടുക്കില്ലെന്നും, വിചാരണ ഘട്ടത്തിൽ മാത്രമേ മൊഴിയിൽ മാറ്റം വരുത്താൻ നിയമപരമായി സാധിക്കൂ എന്നുമാണ് ഇ.ഡിയുടെ നിലപാട്.

You may also like