തൃശൂർ: ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ശ്രീ ജൂനാ അഖാഡയുടെ പ്രവർത്തനകേന്ദ്രങ്ങൾക്കായി കേരളത്തിൽ ആദ്യമായി ഭൂമി സമർപ്പിക്കുന്നു. ധർമ്മ പുനഃസ്ഥാപനം ലക്ഷ്യമിട്ട് നടക്കുന്ന ഈ ചരിത്രപരമായ ഭൂമീസമർപ്പണ ചടങ്ങ് നാളെ (സെപ്തംബർ 17, വ്യാഴം) രാവിലെ 9 മണിക്ക് തൃശൂരിൽ വെച്ച് നടക്കും.
തൃശൂർ നഗരത്തിന് സമീപമുള്ള ചിയ്യാരം പോസ്റ്റ് ഓഫീസ് റോഡിൽ ഒല്ലൂക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ഭൂമിയാണ് ജൂനാ അഖാഡയ്ക്ക് കൈമാറുന്നത്. വിദേശത്തുള്ള ആമ്പല്ലൂർ സ്വദേശികളായ ഗോപിനാഥമേനോൻ – ലീല ജി. മേനോൻ ദമ്പതികളാണ് ഭൂമി സമർപ്പിക്കുന്നത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ചടങ്ങിൽ ഭൂമി ഏറ്റുവാങ്ങും.
‘കേരള കുംഭമേള’ എന്ന പേരിൽ പ്രശസ്തമായ തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ പുനരുജ്ജീവനത്തോടെ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ പ്രതീക്ഷയും അഭിമാനവുമായി ശ്രീ ജൂനാ അഖാഡ മാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ ആദ്യ പ്രവർത്തനകേന്ദ്രത്തിനായി ഭൂമി കൈമാറുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കാളികാ പീഠം ശ്രീ ജൂനാ അഖാഡ ട്രസ്റ്റി കെ. കേശവദാസ് അറിയിച്ചു.
