Home National‘ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടയിടാൻ എ.ഐ, ഇനി വിവർത്തകർക്കും ചോദ്യം പൂർണ്ണമായി കാണാനാകില്ല’; സുരക്ഷ കടുപ്പിച്ച് എൻ.ടി.എ

‘ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടയിടാൻ എ.ഐ, ഇനി വിവർത്തകർക്കും ചോദ്യം പൂർണ്ണമായി കാണാനാകില്ല’; സുരക്ഷ കടുപ്പിച്ച് എൻ.ടി.എ

by news_desk
0 comments

ന്യൂഡൽഹി: ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി നിർണായക പരിഷ്കാരങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ചോദ്യപേപ്പറുകളുടെ ഭാഷാ വിവർത്തനത്തിന് ഇനിമുതൽ നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത പ്ലാറ്റ്‌ഫോം ഉപയോഗിക്കും. വിവർത്തകരിൽ നിന്ന് വിവരങ്ങൾ ചോരുന്നത് തടയാനാണ് സുരക്ഷാ സംവിധാനം അതിശക്തമാക്കുന്നത്.

പുതിയ പരിഷ്കാരം അനുസരിച്ച് ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ എ.ഐ ഉപയോഗിച്ചാണ് മറ്റ് ഭാഷകളിലേക്ക് മാറ്റുന്നത്. പരമ്പരാഗത വിവർത്തകർക്ക് പകരം പുതിയ വിദഗ്ദ്ധരെ എൻ.ടി.എ ഇതിനായി നിയോഗിക്കും. ഇവർ നിരന്തര നിരീക്ഷണത്തിലായിരിക്കും. വിവർത്തകർക്ക് ചോദ്യപേപ്പർ മുഴുവനായി നൽകില്ല; പകരം എ.ഐ വിവർത്തനം ചെയ്ത ചോദ്യങ്ങൾ ഓരോന്നായി പരിശോധിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും മാത്രമാണ് ഇവർക്ക് അനുമതിയുള്ളത്. ചോദ്യങ്ങളുടെ ക്രമവും ഇവർക്ക് കാണാൻ സാധിക്കില്ല.

നീറ്റ് യു.ജി (NEET UG) ചോദ്യപേപ്പർ ചോർച്ചയിൽ ചോദ്യങ്ങൾ വിവർത്തനം ചെയ്തവർക്ക് പങ്കുണ്ടെന്ന അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിനെ തുടർന്ന് എൻ.ടി.എ പരീക്ഷാ നടത്തിപ്പ് സമിതിയിൽ നേരത്തെ തന്നെ വലിയ അഴിച്ചുപണി നടത്തിയിരുന്നു. 600-ഓളം പഴയ വിദഗ്ദ്ധരെ മാറ്റി പുതിയ ആളുകളെ ഉൾപ്പെടുത്തുകയും ചോദ്യപേപ്പർ സുരക്ഷയ്ക്കായി 4-ടയർ തലം ഉള്ള പരിശോധനാ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

You may also like