Home Keralaതിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെതിരെ സിപിഎം; ‘വാണിജ്യ ലക്ഷ്യത്തോടെ സ്ഥലം മറിച്ചുനൽകാനാണോ നീക്കം?’ — വി. കെ. പ്രശാന്ത്

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെതിരെ സിപിഎം; ‘വാണിജ്യ ലക്ഷ്യത്തോടെ സ്ഥലം മറിച്ചുനൽകാനാണോ നീക്കം?’ — വി. കെ. പ്രശാന്ത്

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരെ സിപിഎം. മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ താൽപര്യമുണ്ടോയെന്നും സ്ഥലം മുതലാളിമാർക്ക് മറിച്ചുനൽകാനുള്ള ശ്രമമാണോയെന്നും സംശയിക്കേണ്ടിയിരിക്കുകയാണെന്ന് വി. കെ. പ്രശാന്ത് എംഎൽഎ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ തിരുവനന്തപുരം മൃഗശാലയിലെത്തുന്നുണ്ടെന്നും ഏകദേശം എട്ട് കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നും വി. കെ. പ്രശാന്ത് പറഞ്ഞു. മൃഗശാലയും മ്യൂസിയവും നഗരത്തിൽ നിന്ന് മാറ്റാനുള്ള ശ്രമം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യമുണ്ടെന്നാണ് സംശയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആരുമായും ആലോചിക്കാതെയാണ് മൃഗശാല മാറ്റാനുള്ള തീരുമാനം മുന്നോട്ടുവച്ചതെന്നും വി. കെ. പ്രശാന്ത് വിമർശിച്ചു. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ആശയത്തെ അനുകൂലിക്കുന്നുണ്ട്. മൃഗങ്ങളിൽ നിന്ന് രോഗം പകരുമെന്ന വാദമാണ് മേയർ ഉന്നയിക്കുന്നതെന്നും ഇത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം ചെറുക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

സ്വന്തം അഭിപ്രായം മാത്രം പറയാതെ മുഖ്യമന്ത്രി മൃഗശാലയും മ്യൂസിയവും സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കണമെന്നും വി. കെ. പ്രശാന്ത് ആവശ്യപ്പെട്ടു. മൃഗശാല മാറ്റാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ഇടതുപക്ഷം അതിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം ഉചിതമല്ലെന്നും മൃഗശാല നെയ്യാർ പോലെയുള്ള വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മാറ്റണമെന്നുമായിരുന്നു മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശം. നഗരമധ്യത്തിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മൃഗശാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃഗശാല മാറ്റിയാൽ നിലവിലെ സ്ഥലം മാഡിസൺ സ്ക്വയർ മാതൃകയിൽ പ്രധാന പൊതുകേന്ദ്രമാക്കി മാറ്റണമെന്ന ആശയവും മുഖ്യമന്ത്രി മുന്നോട്ടുവച്ചിരുന്നു. അതേസമയം, മൃഗശാല മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. തിരുവനന്തപുരം മേയർ വി. വി. രാജേഷ് ആശയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ കാലത്തെ നഗരവികസന സാധ്യതകൾ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്നാണ് മേയറുടെ നിലപാട്.

ഏകദേശം 36 ഏക്കർ സ്ഥലത്താണ് നിലവിൽ തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതിയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മൃഗശാല നഗരത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യം മുൻപും ഉയർന്നിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല.

You may also like