തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സൗരോർജ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. ആഢംബര വീടുകൾ വൈദ്യുതിയിൽ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ പാനലുകളും സംഭരണ സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന. വീടുകളിലും കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുന്ന മിച്ച സൗരോർജ വൈദ്യുതി നിലവിലുള്ളതിനേക്കാൾ ഉയർന്ന വിലയ്ക്ക് വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനശേഷി ഏകദേശം 1,000 മെഗാവാട്ട് വർധിപ്പിച്ചിരുന്നു. സർക്കാരുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള വർധനയായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. സൗരോർജ പദ്ധതികൾക്ക് നൽകിയ പ്രോത്സാഹനവും ഈ നേട്ടത്തിന് കാരണമായിരുന്നു.
നിലവിൽ സംസ്ഥാനം വലിയ വൈദ്യുതി ക്ഷാമത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സമാനമായ ബദൽ മാർഗത്തിലേക്ക് യുഡിഎഫ് സർക്കാരും കടക്കുന്നത്. ജലവൈദ്യുത പദ്ധതികൾക്കും ഡീസൽ വൈദ്യുത പദ്ധതികൾക്കും നിലവിലുള്ള പരിമിതികൾ കൂടി കണക്കിലെടുത്താണ് സൗരോർജത്തെ കൂടുതൽ ആശ്രയിക്കാൻ സർക്കാർ ആലോചിക്കുന്നത്.
പുതിയ പദ്ധതി നടപ്പായാൽ ആഢംബര വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും കെട്ടിട നമ്പർ ലഭിക്കുന്നതിന് സൗരോർജ പാനലുകൾക്കൊപ്പം വൈദ്യുതി സംഭരണ സംവിധാനവും നിർബന്ധമാക്കും. സംഭരണ സംവിധാനം കൂടിയുണ്ടെങ്കിൽ രാത്രിയിലും പകൽ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതി ഉപയോഗിക്കാൻ കഴിയും.
പദ്ധതിയുടെ സാധ്യത സംബന്ധിച്ച പരിശോധന കെഎസ്ഇബി ഇതിനകം ആരംഭിച്ചിട്ടുണ്ട്. സൗരോർജവും സംഭരണ സംവിധാനവും നിർബന്ധമാക്കിയാൽ സംസ്ഥാനത്ത് എത്രത്തോളം വൈദ്യുതി ലാഭിക്കാൻ കഴിയുമെന്നതടക്കം കെഎസ്ഇബി വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം, വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഉത്പാദിപ്പിച്ച് സംഭരിക്കുന്ന മിച്ച വൈദ്യുതി രാത്രിയിൽ ഉയർന്ന വിലയ്ക്ക് വാങ്ങാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ വീടുകളിൽ നിന്ന് മിച്ച വൈദ്യുതി വാങ്ങുന്നത് താരതമ്യേന കുറഞ്ഞ നിരക്കിലാണ്.
പദ്ധതി യാഥാർഥ്യമായാൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വീട്ടുടമകൾക്ക് ഇത് സാമ്പത്തികമായി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
സോളാർ പാനലുകളും സംഭരണ സംവിധാനവും നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും സർക്കാർ പരിശോധിച്ചുവരികയാണ്. എത്ര ചതുരശ്ര അടി വിസ്തീർണത്തിന് മുകളിലുള്ള കെട്ടിടങ്ങളിൽ പദ്ധതി നിർബന്ധമാക്കണമെന്നതടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.
