കൊച്ചി: 300 കോടി ക്ലബ്ബിലെത്തിയ ആഘോഷത്തിലും പതിവ് വഴിവിട്ട് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. സാധാരണ വമ്പൻ വിജയങ്ങൾ ആഘോഷിക്കുമ്പോൾ താരങ്ങളുടെ ചിത്രങ്ങളാണ് വിജയപോസ്റ്ററുകളിൽ നിറയാറുള്ളതെങ്കിൽ, സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെ മുൻനിരയിൽ നിർത്തിയാണ് ഇത്തവണ ഭാവന സ്റ്റുഡിയോസ് വിജയപോസ്റ്റർ പുറത്തിറക്കിയത്. പോസ്റ്റർ ഇതിനകം സിനിമാപ്രേമികൾക്കിടയിലും സിനിമാ മേഖലയിലും ശ്രദ്ധ നേടുകയാണ്.
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 28-ാം ദിവസവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്. ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിയതിന് പിന്നാലെയാണ് അണിയറപ്രവർത്തകരോടും പ്രേക്ഷകരോടും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയത്.
സിനിമയ്ക്ക് പിന്നിലെ സാങ്കേതിക വിദഗ്ധരെ മുൻനിരയിൽ നിർത്തിയുള്ള വിജയാഘോഷമാണ് പോസ്റ്ററിന്റെ പ്രത്യേകത. സംവിധായകൻ ഗിരീഷ് എഡി, തിരക്കഥാകൃത്ത് കിരൺ ജോസി, കാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗീസ് എന്നിവർ നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
“ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ! നിങ്ങളുടെ അതിരുകവിഞ്ഞ സ്നേഹത്തിന് നന്ദി! നമ്മുടെ സംഗീത മാന്ത്രികൻ വിഷ്ണു വിജയ് കൂടി ആ ഫ്രെയിമിൽ ഉണ്ടായിരുന്നെങ്കിൽ അത് പൂർണമാകുമായിരുന്നു. എല്ലാവർക്കും സ്നേഹം നേരുന്നു” എന്നാണ് പോസ്റ്ററിനൊപ്പം ഭാവന സ്റ്റുഡിയോസ് കുറിച്ചത്.
തങ്ങളുടെ സിനിമകൾക്ക് വ്യത്യസ്തമായ പ്രമോഷൻ നൽകുന്നതിൽ ശ്രദ്ധ പുലർത്തുന്ന ഭാവന സ്റ്റുഡിയോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്നാണ് സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. വിജയപോസ്റ്ററിലും ആ പുതുമ നിലനിർത്തിയതിനെ സിനിമാപ്രേമികൾ പ്രശംസിക്കുന്നുണ്ട്.
മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി കളക്ഷൻ നേടുന്ന ചിത്രമെന്ന അപൂർവ നേട്ടവും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയിരിക്കുകയാണ്. സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രം കൂടിയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.
