ഹരിദ്വാർ: നിതാരി കൂട്ടക്കൊലപാതക കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ മുഖ്യപ്രതി സുരേന്ദ്ര കോലിയെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സപ്ത് സരോവർ റോഡിലെ ലാൽമാതാ ക്ഷേത്രത്തിന് സമീപമുള്ള ചായക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
2006-ൽ അറസ്റ്റിലായ സുരേന്ദ്ര കോലി ഏകദേശം 19 വർഷമാണ് ജയിലിൽ കഴിഞ്ഞത്. നിതാരി കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇയാളെ 2025 നവംബറിലാണ് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിൽ സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതിയും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. ജസ്റ്റിസുമാരായ അശ്വനികുമാർ മിശ്ര, സയിദ് അഫ്താബ് ഹുസൈൻ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിധി പ്രസ്താവിച്ചത്.
2006 ഡിസംബറിൽ ഉത്തർപ്രദേശിലെ നോയിഡയിലെ നിതാരി ഗ്രാമത്തിലെ ഒരു വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് രാജ്യത്തെ നടുക്കിയ കേസിന്റെ തുടക്കം. ഗ്രാമത്തിൽനിന്ന് കാണാതായ പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളായിരുന്നു അവ. തുടർന്ന് വീട്ടുടമയെയും സുരേന്ദ്ര കോലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കൊലപാതക പരമ്പരയെയും ലൈംഗിക അതിക്രമങ്ങളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കൊലപാതകങ്ങൾക്ക് ഇരയായവരിൽ ഒരാളൊഴികെ എല്ലാവരും പ്രായപൂർത്തിയാകാത്തവരായിരുന്നു. പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായും മൃതദേഹങ്ങൾ കഷണങ്ങളാക്കി മറവുചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൃതദേഹം പാകം ചെയ്ത് കഴിച്ചതായും ഇയാൾ മൊഴി നൽകിയിരുന്നു. ബിഹാറിൽനിന്നും ബംഗാളിൽനിന്നും ജോലി തേടി എത്തിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇരകളിൽ ഏറെയും.
2006 ഡിസംബർ 29-നാണ് സുരേന്ദ്ര കോലിയെയും വീട്ടുടമയെയും പൊലീസ് പിടികൂടിയത്. കൊലപാതകം, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2007-ൽ സിബിഐ ഇരുവർക്കുമെതിരെ 19 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്ന് കേസുകൾ തെളിവുകളുടെ അഭാവത്തിൽ പിന്നീട് റദ്ദാക്കി.
2014 സെപ്റ്റംബർ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുൻപ് സുപ്രീം കോടതി ഉത്തരവ് റദ്ദാക്കി. 2014 സെപ്റ്റംബർ എട്ടിന് പുലർച്ചെ നടന്ന ഈ വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.
