മുംബൈ: മുൻദിവസത്തെ നേട്ടങ്ങൾ മായ്ച്ച് ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വ്യാപക ഇടിവ്. ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരികളിൽ ഒരു ഭാഗം വിറ്റഴിച്ച് കുറഞ്ഞത് 25,000 കോടി രൂപ സമാഹരിക്കാൻ ഷപൂർജി പല്ലോൻജി ഗ്രൂപ്പ് തീരുമാനിച്ചതാണ് വിപണിയിൽ അപ്രതീക്ഷിത ചലനത്തിന് കാരണമായത്. ഇതോടെ ടാറ്റാ സൺസിന്റെ ഉടമസ്ഥാവകാശം, എസ്പി ഗ്രൂപ്പിന്റെ പണലഭ്യത, ടാറ്റാ സൺസിന്റെ ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ വീണ്ടും വിപണി ചർച്ചയിലേക്ക് എത്തിയിരിക്കുകയാണ്.
ടാറ്റാ ഗ്രൂപ്പിലെ പ്രധാന ഓഹരികളിൽ ടാറ്റാ കെമിക്കൽസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഓഹരി 7.8 ശതമാനം ഇടിഞ്ഞു. ടാറ്റാ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ 3.9 ശതമാനവും ടിസിഎസ് 3 ശതമാനവും ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് 2.6 ശതമാനവും ടാറ്റാ പവർ 1.4 ശതമാനവും താഴ്ന്നു.
ടാറ്റാ സ്റ്റീൽ 0.15 ശതമാനവും ടാറ്റാ മോട്ടോഴ്സ് 0.48 ശതമാനവും ടാറ്റാ എൽക്സി 1.09 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അതേസമയം, പൊതുവായ ഇടിവിനിടയിലും ടാറ്റാ ക്യാപിറ്റൽ 1.1 ശതമാനം നേട്ടമുണ്ടാക്കി.
ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമോ എന്ന ചർച്ച സജീവമായിരിക്കെയാണ് ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പുതിയ നീക്കം. ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ച് 25,000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ടാറ്റാ സൺസിന്റെ ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറ്റൊരു പശ്ചാത്തലവും നിലവിലുണ്ട്. കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്ന രജിസ്ട്രേഷൻ ഒഴിവാക്കണമെന്ന ടാറ്റാ സൺസിന്റെ അപേക്ഷ റിസർവ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ ‘അപ്പർ ലെയർ’ എൻബിഎഫ്സി വിഭാഗത്തിൽ തന്നെ തുടരുന്ന ടാറ്റാ സൺസിന് അതുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ട സാഹചര്യമുണ്ട്.
ഈ നിയന്ത്രണങ്ങളുടെ ഭാഗമായി ടാറ്റാ സൺസിന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടിവരുമെന്ന ചർച്ചകളും ശക്തമാണ്. ഇതിനിടെയാണ് ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഓഹരി വിൽപ്പന നീക്കം ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ സമ്മർദം സൃഷ്ടിച്ചത്.
