Home Businessഉടൻ മുഖം വെളുക്കുമെന്ന് വാഗ്ദാനം; ഉള്ളിൽ മാരകമായ മെർക്കുറി, നിരോധിച്ച ക്രീമുകൾ ഓൺലൈൻ വിപണിയിൽ സജീവം

ഉടൻ മുഖം വെളുക്കുമെന്ന് വാഗ്ദാനം; ഉള്ളിൽ മാരകമായ മെർക്കുറി, നിരോധിച്ച ക്രീമുകൾ ഓൺലൈൻ വിപണിയിൽ സജീവം

by news_desk1
0 comments

നിരോധിക്കപ്പെട്ടതും ഉയർന്ന അളവിൽ മാരകമായ മെർക്കുറി അടങ്ങിയതുമായ സ്കിൻ വൈറ്റനിങ് ക്രീമുകളും സോപ്പുകളും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി വിൽക്കപ്പെടുന്നതായി റിപ്പോർട്ട്. ആമസോൺ, ടെമു, ടിക്‌ടോക് ഷോപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യ, അമേരിക്ക, ഫ്രാൻസ്, യുഎഇ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലാണ് ഇരുപതിലേറെ ഇത്തരം ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് ലഭ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ വൃക്ക തകരാറുകൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകാം. നിരോധനം മറികടക്കാൻ വ്യാജ പേരുകളിലും ചേരുവകളുടെ വിവരങ്ങൾ മറച്ചുവെച്ചുമാണ് പല ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മെർക്കുറി ഉപയോഗത്തിന് സുരക്ഷിതമായ അളവില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അമേരിക്കൻ ഭക്ഷ്യ-മരുന്ന് നിയന്ത്രണ ഏജൻസിയുടെ മാനദണ്ഡപ്രകാരം പ്രധാന ഘടകങ്ങളിൽ പരമാവധി ഒരു പി.പി.എം. (പാർട്ട് പെർ മില്യൺ) മെർക്കുറി മാത്രമേ അനുവദനീയമായിട്ടുള്ളൂ. എന്നാൽ വിപണിയിലുള്ള ഇത്തരം ക്രീമുകളിൽ ലിറ്ററിന് 10 മുതൽ ഒരു ലക്ഷം മില്ലിഗ്രാം വരെ മെർക്കുറി കണ്ടെത്തിയതായി പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.

പാകിസ്ഥാനിൽ നിർമിച്ച ‘പാർലി ബ്യൂട്ടി ക്രീം’, മെക്സിക്കോയിൽ നിർമിച്ച ബ്ലീച്ചിങ് ക്രീമുകൾ, ഫിലിപ്പീൻസിലെ ചില സോപ്പുകൾ എന്നിവയിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ ഒരു ആമസോൺ വിൽപ്പനക്കാരൻ അമേരിക്കൻ ഭക്ഷ്യ-മരുന്ന് നിയന്ത്രണ ഏജൻസി നിരോധിച്ച പാകിസ്ഥാനിലെ എസ്.ജെ. എന്റർപ്രൈസസിന്റെ ‘ചാന്ദ്‌നി’ ക്രീം ‘ബ്യൂട്ടി ബ്രൈറ്റനിങ് ക്രീം’ എന്ന പേരിൽ വിൽപ്പനയ്ക്ക് വെച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഉൽപ്പന്നത്തിന്റെ ചിത്രത്തിലെ യഥാർഥ പേര് മറച്ചുവെച്ചായിരുന്നു വിൽപ്പന.

കുറഞ്ഞ വില, പെട്ടെന്ന് ഫലം

നിയമവിധേയമായി ഉപയോഗിക്കുന്ന കോജിക് ആസിഡ്, ആർബ്യൂട്ടിൻ തുടങ്ങിയ ഘടകങ്ങളെ അപേക്ഷിച്ച് മെർക്കുറി അടങ്ങിയ ക്രീമുകൾക്ക് വളരെ വേഗത്തിൽ ചർമ്മം വെളുപ്പിക്കുന്ന ഫലം നൽകാനാകുമെന്നാണ് റിപ്പോർട്ട്. കുറഞ്ഞ ചെലവിൽ ക്രീമുകളിൽ ചേർക്കാൻ കഴിയുന്നതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്നതുമാണ് മെർക്കുറിയെ വ്യാപാരികൾക്ക് ആകർഷകമാക്കുന്നത്.

2021-ൽ ബോസ്റ്റൺ സർവകലാശാല നടത്തിയ പഠനമനുസരിച്ച് കോജിക് ആസിഡ് അടങ്ങിയ സുരക്ഷിതമായ ഉൽപ്പന്നങ്ങൾക്ക് ഒരു ഔൺസിന് ശരാശരി 24.89 ഡോളറാണ് വില. ഇന്ത്യൻ രൂപയിൽ ഇത് 2,000 രൂപയിലധികം വരും. അതേസമയം, മെർക്കുറി അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഏകദേശം 540 രൂപ മാത്രമാണ് വിലയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ

ചർമ്മത്തിലൂടെ ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കയിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും നെഫ്രോട്ടിക് സിൻഡ്രോം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. നാഡീവ്യൂഹത്തെയും ഇത് ബാധിച്ചേക്കാം. കൈകാലുകളിൽ തരിപ്പ്, വിറയൽ, ഓർമ്മക്കുറവ്, കാഴ്ചശക്തി കുറയൽ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചർമ്മത്തിലും മെർക്കുറിയുടെ ഉപയോഗം പ്രതികൂലഫലങ്ങൾ ഉണ്ടാക്കാം. ചർമ്മം വലിഞ്ഞുമുറുകുക, തടിപ്പ്, ചുവന്നുതിണർക്കൽ, ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്നതിനെ തുടർന്ന് അണുബാധയുണ്ടാകൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

ഗർഭിണികൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്.

നിരോധനം മറികടക്കുന്നതിനായി വ്യാജ പേരുകളിലും ചേരുവകളുടെ വിവരങ്ങൾ മറച്ചുവെച്ചുമാണ് ഇത്തരം ഉൽപ്പന്നങ്ങൾ പലപ്പോഴും ഓൺലൈൻ വിപണിയിൽ എത്തിക്കുന്നത്. മെർക്കുറിയുടെ സാന്നിധ്യം ഉൽപ്പന്നങ്ങളിൽ പരസ്യമായി രേഖപ്പെടുത്തിയിട്ടുമില്ല.

ചർമ്മത്തിന്റെ നിറം വേഗത്തിൽ മാറ്റാമെന്ന വാഗ്ദാനത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. അപകടകരമായ ഉൽപ്പന്നങ്ങളെക്കുറിച്ച് വലിയ വാർത്തകൾ പുറത്തുവരുമ്പോഴാണ് പലരും ഇതിന്റെ അപകടസാധ്യതയെക്കുറിച്ച് ശ്രദ്ധിക്കുന്നത്. എന്നാൽ അറിഞ്ഞും അറിയാതെയും ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവർ ഇപ്പോഴുമുണ്ട്. ചർമ്മം വെളുപ്പിക്കാനുള്ള ശ്രമം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കാമെന്ന മുന്നറിയിപ്പാണ് ഈ

You may also like