Home Localധർമ്മ പുനഃസ്ഥാപനത്തിനായി ജൂനാ അഖാഡ: കേരളത്തിലെ ആദ്യ ഭൂമീസമർപ്പണം തൃശ്ശൂരിൽ

ധർമ്മ പുനഃസ്ഥാപനത്തിനായി ജൂനാ അഖാഡ: കേരളത്തിലെ ആദ്യ ഭൂമീസമർപ്പണം തൃശ്ശൂരിൽ

by news_desk
0 comments

തൃശ്ശൂർ: ഭാരതത്തിലെ പ്രാചീന നാഗസാധു പരമ്പരയായ ശ്രീ ജൂനാ അഖാഡയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ഭൂമീസമർപ്പണം തൃശ്ശൂർ ചിയ്യാരത്ത് നടന്നു. ‘കേരള കുംഭമേള’ എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ പുനരുജ്ജീവനത്തിലൂടെ സംസ്ഥാനത്തെ ഹൈന്ദവ സമൂഹത്തിന് പുതിയ ഉണർവ് നൽകിയ ജൂനാ അഖാഡയുടെ പ്രവർത്തന കേന്ദ്രത്തിനായാണ് ഈ ഭൂമി വിട്ടുനൽകിയത്.
ചിയ്യാരം പോസ്റ്റ് ഓഫീസ് റോഡിൽ ഒല്ലൂക്കാവ് ഭഗവതി ക്ഷേത്രത്തോട് ചേർന്നുള്ള ഭൂമി, വിദേശത്തുള്ള ആമ്പല്ലൂർ സ്വദേശികളായ ഗോപിനാഥമേനോൻ – ലീല ജി മേനോൻ ദമ്പതികളാണ് സമർപ്പിച്ചത്. ചടങ്ങിൽ വെച്ച് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.
ചടങ്ങിലേക്ക് എത്തിയ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ ഒല്ലൂക്കാവ് ക്ഷേത്ര ഭാരവാഹികൾ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന സമർപ്പണ ചടങ്ങിലും പ്രാർത്ഥനാ സദസ്സിലും സന്യാസിവര്യന്മാരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
ശ്രീ മഹത് അവന്തിക ഭാരതി, പ്രശസ്ത ചലച്ചിത്ര താരം ദേവൻ, കാളികാപീഠം ജൂനാ അഖാഡ ട്രസ്റ്റി കെ. കേശവദാസ്, മോഹൻദാസ്, തെക്കേമഠം മാനേജർ വടക്കുംപാട്ട് നാരായണൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ, പി ജി രവീന്ദ്രൻ, പി.എ. ശ്രീജേഷ്, ആശിഷ് മുത്തേടത്ത്, അജിത്ത് കുമാർ മനീഷ്കുമാർ തുടങ്ങിയവരും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിന്റെ സമാപനമായി പുണ്യഭൂമിയിൽ ചന്ദനത്തൈയും രുദ്രാക്ഷത്തൈയും നട്ടുപിടിപ്പിച്ചു. സനാതന ധർമ്മ സംരക്ഷണത്തിനും ജൂനാ അഖാഡയുടെ കേരളത്തിലെ ആത്മീയോന്നമന പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രം വലിയൊരു വഴിത്തിരിവാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.

You may also like