മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ യോഗത്തിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കാലാവധി നീട്ടുന്നതിനെ എതിർത്തു. ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം തീരുമാനത്തെ അനുകൂലിച്ചതായാണ് റിപ്പോർട്ട്.
ടാറ്റാ സൺസിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബോർഡിന്റെ നിർണായക തീരുമാനം. ടാറ്റാ സൺസിന്റെ പ്രാരംഭ ഓഹരി വിൽപനയുമായി മുന്നോട്ടുപോകാനും ബോർഡ് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ 2027 ഫെബ്രുവരി വരെയായിരുന്നു എൻ ചന്ദ്രശേഖരന്റെ ചെയർമാൻ കാലാവധി.
ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് കഴിഞ്ഞമാസമാണ് ചന്ദ്രശേഖരൻ രാജി പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ടാറ്റാ സൺസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റ്സ് വിലയിരുത്തിയതായും റിപ്പോർട്ടുകളുണ്ട്. തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ടാറ്റാ ഗ്രൂപ്പിന്റെ ഓഹരികളിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
