ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ കടബാധ്യത തീർക്കുന്നതിനുള്ള തിരിച്ചടവ് പദ്ധതിക്ക് എൻസിഎൽടി സ്റ്റേ ഏർപ്പെടുത്തി. 22,006.57 കോടി രൂപയുടെ ബാധ്യത പൂർണമായി തീർക്കാൻ വെറും 6.25 കോടി രൂപ തിരിച്ചടയ്ക്കുന്ന പദ്ധതിക്കായിരുന്നു നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്. എന്നാൽ ഈ തിരിച്ചടവ് പദ്ധതിക്കാണ് ഇപ്പോൾ അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
ഇതോടൊപ്പം സുഭാഷ് ചന്ദ്രയുടെ സ്വത്തുക്കൾ വകമാറ്റുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ട്രൈബ്യൂണൽ വിലക്കേർപ്പെടുത്തി. എൻസിഎൽടി പ്രസിഡന്റ് ജസ്റ്റിസ് അനുപിന്ദർ സിംഗ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കടക്കാരായ സ്ഥാപനങ്ങൾക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം അംഗീകരിച്ചാണ് ജാമ്യക്കാരനായ സുഭാഷ് ചന്ദ്രയുടെ ആസ്തികൾ കൈമാറ്റം ചെയ്യുന്നത് തടഞ്ഞത്.
നേരത്തെ കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെ തുടർന്നാണ് വിഷയം അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റിയത്. 22,000 കോടിയിലധികം രൂപയുടെ കടബാധ്യതയിൽ 99.9 ശതമാനം തുകയും എഴുതിത്തള്ളിക്കൊണ്ടുള്ള വായ്പാ തിരിച്ചടവ് പദ്ധതിയായിരുന്നു ഇത്.
കടക്കാരുടെ 80.814 ശതമാനം വോട്ടിംഗ് വിഹിതം പദ്ധതിക്ക് അനുകൂലമായിരുന്നുവെങ്കിലും, ബെഞ്ചിലെ അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് നിയമപരമായ തടസങ്ങൾ ഉയരുകയായിരുന്നു. വിഷയത്തിൽ വ്യക്തമായ ഭൂരിപക്ഷ വിധി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് സെക്ഷൻ 419(5) പ്രകാരം കേസ് അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് എൻസിഎൽടി നോട്ടീസ് അയച്ചിട്ടുണ്ട്.
