Home Businessകടത്തിന് മേലെ കടം; നാല് മാസത്തിൽ കടമെടുപ്പ് പരിധിയുടെ പകുതിയോളം, 1,800 കോടി കൂടി വായ്പയെടുക്കും

കടത്തിന് മേലെ കടം; നാല് മാസത്തിൽ കടമെടുപ്പ് പരിധിയുടെ പകുതിയോളം, 1,800 കോടി കൂടി വായ്പയെടുക്കും

by news_desk1
0 comments

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച ആർബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും.

ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. ഇതുവരെ 26,461.75 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയതായി 1,800 കോടി രൂപ കൂടി കടമെടുക്കുന്നത്. ബജറ്റിൽ കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു.

ക്ഷേമപെൻഷനുകൾ, ബോണസ്, ഉത്സവബത്ത, വിപണി ഇടപെടലുകൾ എന്നിവയ്ക്കായി ഓണക്കാലത്ത് പതിനായിരം കോടിയോളം രൂപയാണ് ചെലവായത്. ഇതിനായി ഈ മാസം മാത്രം 2,200 കോടി രൂപ നേരത്തെ കടമെടുത്തിരുന്നു. ഓണവിപണി സജീവമാകുന്നതോടെ നികുതി വരുമാനം വർധിക്കുമെന്നും പണം ഖജനാവിലേക്ക് തിരിച്ചെത്തുമെന്നുമുള്ള കണക്കുകൂട്ടലിലാണ് സർക്കാർ പണം വിപണിയിലിറക്കിയത്.

സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തിൽ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 13,880.82 കോടി രൂപയാണ്. ഓണക്കാലത്തെ ഭീമമായ ചെലവുകൾക്ക് ശേഷം വിപണിയിലെ ഉണർവ് വരും ദിവസങ്ങളിൽ ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വരുമാനത്തിൽ വലിയ വർധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.

You may also like