Home Top Storiesഓണം വാരാഘോഷ സമാപനം: വന്ദേമാതരം പൂർണമായി ആലപിച്ചു

ഓണം വാരാഘോഷ സമാപനം: വന്ദേമാതരം പൂർണമായി ആലപിച്ചു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിന്റെ വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരൻ, കെ എ തുളസി, സി പി ജോൺ, റോജി എം ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ എന്നിവരുള്‍പ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാനത്തിന് ഇടപെടാൻ സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ വന്ദേമാതരം പൂർണമായും ആലപിച്ച് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്ത് ഫ്ലാഗ്ഓഫ് നിർവഹിച്ചത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നുവെന്നാണ് പ്രോട്ടോക്കോൾ വിഭാഗം വ്യക്തമാക്കുന്നത്.

ഒരാഴ്ചയിലേറെ തലസ്ഥാന ജനത ആഘോഷമാക്കിയ ഓണക്കാലത്തിന് വർണാഭമായ ഘോഷയാത്രയോടെ സമാപനമായി. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ഓണാഘോഷ വാരത്തിൽ കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ദീപാലങ്കാരം നഗരവീഥികളെ വർണവെളിച്ചത്തിൽ പ്രഭാപൂരിതമാക്കിയിരുന്നു.

You may also like