Home Top Storiesസുകുമാരക്കുറുപ്പ് ജീവനോടെ? ബ്രൂണൈയിൽ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയതായി സൂചന

സുകുമാരക്കുറുപ്പ് ജീവനോടെ? ബ്രൂണൈയിൽ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയതായി സൂചന

by news_desk1
0 comments

കൊച്ചി: കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിക്കുന്നതായുള്ള നിർണായക വിവരങ്ങൾ സൈബർ വിദഗ്ധന്റെ അന്വേഷണത്തിൽ ലഭിച്ചതായാണ് വിവരം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രൂണൈയിൽ കഴിയുന്ന മലയാളിയായ വയോധികൻ നിരീക്ഷണത്തിലാണെന്നാണ് സൂചന. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൈബർ വിദഗ്ധൻ അവകാശപ്പെടുന്നു. കണ്ടെത്തിയ വയോധികൻ വിദേശത്തുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ശബ്ദസംഭാഷണങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇവ ഉടൻ പുറത്തുവരുമെന്നും സൂചനയുണ്ട്.

സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തി ബ്രൂണൈയിൽ ചൈനീസ് സ്വദേശിയുമായി ചേർന്ന് ബിസിനസ് നടത്തുന്നതായാണ് വിവരം. ഇയാൾ മലയാളിയായിരുന്നിട്ടും ബ്രൂണൈയിലെ മലയാളികളുമായോ ഇന്ത്യക്കാരുമായോ ബന്ധം പുലർത്തിയിരുന്നില്ലെന്നതും സംശയത്തിന് കാരണമായിട്ടുണ്ട്. എന്നാൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണ്. ഇന്റർപോളിന്റെ സഹായത്തോടെയേ തുടർ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂ. സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

പല ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളിൽ സുകുമാരക്കുറുപ്പിനെ കണ്ടതായി വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ അത് കുറുപ്പല്ലെന്ന് കണ്ടെത്തിയതോടെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇയാൾ താമസിക്കുന്ന സ്ഥലവും ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ഭാര്യയുമായും ബന്ധുക്കളുമായും വയോധികൻ നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ‘തന്നെ ആരും കണ്ടെത്തില്ല’ എന്ന തരത്തിലുള്ള സന്ദേശങ്ങളുണ്ടെന്നും സൂചനയുണ്ട്.

സുകുമാരക്കുറുപ്പിനെ കണ്ടെത്തുന്നതിനായി നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബ്രൂണൈയിൽ കണ്ടെത്തിയ 78 വയസ്സുള്ള വയോധികന് പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലെന്നതും സംശയം വർധിപ്പിക്കുന്നു. വിവിധ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇയാളുടെ ചിത്രങ്ങൾ അന്വേഷണ ഏജൻസികൾ താരതമ്യം ചെയ്തിട്ടുണ്ടെന്നും വിവരമുണ്ട്.

ചാക്കോ വധക്കേസ്

1984 ജനുവരി 21-ന് മാവേലിക്കരയ്ക്ക് സമീപം കറുത്ത അംബാസിഡർ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം മൃതദേഹം സുകുമാരക്കുറുപ്പിന്റേതാണെന്നാണ് കരുതിയത്. എന്നാൽ അന്വേഷണത്തിലാണ് മരിച്ചത് ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയാണെന്ന് വ്യക്തമായത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ പുകയുടെ കരി കണ്ടെത്താത്തതിനെ തുടർന്ന് ചാക്കോ കാറിന് തീപിടിച്ചാണ് മരിച്ചതല്ലെന്നും കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിച്ചതാണെന്നും ഫൊറൻസിക് സർജൻ ഡോ. ഉമാദത്തൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

വിദേശത്ത് തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചെന്ന് വരുത്തിത്തീർക്കാൻ സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് കണ്ടെത്തിയത്. കുറുപ്പിനോട് രൂപസാദൃശ്യമുള്ള ചാക്കോയെ കാറിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അതേ കാറിൽവച്ച് കത്തിക്കുകയായിരുന്നു.

തുടർന്ന് സുകുമാരക്കുറുപ്പിനായി രാജ്യത്താകെ കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാലര പതിറ്റാണ്ടായി ഇയാൾ കാണാമറയത്ത് തുടരുകയാണ്. ഇതിനിടെ 40 വയസ്സുള്ളപ്പോൾ ഹൃദ്രോഗബാധിതനായിരുന്ന കുറുപ്പ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കവും പൊലീസ് നടത്തിയിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് പുനരന്വേഷിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.

You may also like