Home Top Storiesപ്രതിരോധ മേഖലയിലും സ്വകാര്യപങ്കാളിത്തം; മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്നാഥ് സിങ്

പ്രതിരോധ മേഖലയിലും സ്വകാര്യപങ്കാളിത്തം; മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്നാഥ് സിങ്

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലെ സ്വകാര്യപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിനകത്തെ പ്രതിരോധ ഉൽപാദനം വർധിപ്പിക്കുകയും ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് കൈമാറും. രാജ്യത്തിനുള്ളിൽ മിസൈൽ നിർമാണം വേഗത്തിലാക്കുന്നതിനൊപ്പം എംഎസ്എംഇകൾ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം പ്രതിരോധ വിതരണ ശൃംഖലയിൽ വർധിപ്പിക്കാനും നടപടി സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി വലിയ മുന്നേറ്റമായാണ് തീരുമാനം വിലയിരുത്തുന്നത്. മിസൈൽ സംവിധാനങ്ങളെ ഗവേഷണ-വികസന ഘട്ടത്തിൽ നിന്ന് വ്യാവസായിക ഉൽപാദനത്തിലേക്ക് വേഗത്തിൽ എത്തിക്കാനും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്താനും നടപടി സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ മിസൈൽ സംവിധാനങ്ങൾ കൂടുതൽ ഏകോപിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സെന്റർ ഫോർ ഏറോസ്പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ പഠനത്തിൽ പാകിസ്താന്റെ ബഹിരാകാശ ശേഷി അതിവേഗം വളരുന്നതായി ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ സഹകരണത്തോടെ പാകിസ്താൻ സ്പേസ് കമ്മീഷൻ കഴിഞ്ഞ 16 മാസത്തിനിടെ ആറ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായും പഠനം വ്യക്തമാക്കുന്നു.

ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ, ആശയവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും പാകിസ്താൻ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആഭ്യന്തര മിസൈൽ നിർമാണ ശേഷി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ തന്ത്രത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഇതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം 1.54 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലയിലെത്തി. പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി. നിലവിലെ സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉൽപാദനം 1.75 ലക്ഷം കോടി രൂപയായും 2029ഓടെ 3 ലക്ഷം കോടി രൂപയായും ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

You may also like