തിരുവനന്തപുരം: സർക്കാർ അധികാരമേറ്റിട്ട് 100 ദിവസം പൂർത്തിയാകുമ്പോൾ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നതായി അദ്ദേഹം അവകാശപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സർക്കാരിന് 100 ദിവസം തികയുമ്പോൾ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണെന്നും വിപണിയിൽ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ 13 സബ്സിഡി സാധനങ്ങളും വില വർധിപ്പിക്കാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
മുൻവർഷങ്ങളിലേതുപോലെ സപ്ലൈകോയിലെ ഒഴിഞ്ഞ റാക്കുകളെന്ന പരാതി ഒഴിവാക്കി ആവശ്യത്തിന് സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും സതീശൻ അവകാശപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധികളിലൊന്ന് സംസ്ഥാനം നേരിടുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികൾ തടസപ്പെടാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഒരു മാസം പോലും ക്ഷേമ പെൻഷൻ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നും ഓണം കണക്കിലെടുത്ത് ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം നേരത്തെയാക്കിയെന്നും സതീശൻ വ്യക്തമാക്കി.
സ്കോളർഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ പഠനം തടസപ്പെട്ട സാഹചര്യത്തിനും സർക്കാർ പരിഹാരം കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം.
മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ലെന്നും സതീശൻ പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആരും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാൽ അത്തരം നീക്കങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ പറഞ്ഞു.
സർക്കാരിന് മൂന്ന് മാസം പോലും പൂർത്തിയാകുന്നതിന് മുമ്പ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂറിൽ കൂടുതൽ ആയുസുണ്ടായില്ലെന്നും സതീശൻ പറഞ്ഞു.
മാധ്യമവാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യിച്ചുവെന്ന പ്രചാരണം നീചമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയതോടെ വ്യാജപ്രചാരകർക്ക് ഇനി എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.
സമരം ചെയ്യുന്നവരെ സർക്കാർ ശത്രുക്കളായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും തുറന്ന മനസോടെ കേൾക്കുമെന്നും ഏത് പ്രശ്നവും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഒരു സമ്മർദ്ദ ശക്തിക്കും മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും ജനങ്ങളാണ് സർക്കാരിന്റെ കരുത്തെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
