കൊച്ചി: ഇത്തവണ സംസ്ഥാനത്ത് മഴയോടെയാണ് ഓണം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.
ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവോണദിനമായ നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തീരപ്രദേശങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
