കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി പി.വി. അൻവർ. മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പങ്കുവെച്ചാണ് അൻവറിന്റെ ഫേസ്ബുക്ക് പ്രതികരണം. നിലപാടിനുവേണ്ടി സ്ഥാനം രാജിവച്ച തന്നെപ്പോലെ ആരുണ്ടെന്നും വിമർശിക്കുന്നവർക്ക് തന്നെപ്പോലെ ഒരിക്കലെങ്കിലും മത്സരിക്കാൻ കഴിയുമോയെന്നും അൻവർ ചോദിച്ചു. തന്നെപ്പോലെ സ്വയം വഴിവെട്ടിയവർ ഉണ്ടെങ്കിൽ വരൂ, സംസാരിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം, ബേപ്പൂരിലെ സ്ഥാനാർഥി വിവാദത്തിൽ പി.വി. അൻവറിനെ പിന്തുണച്ച് കാരാട്ട് റസാഖ് രംഗത്തെത്തി. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അത് അംഗീകരിക്കാനാകാത്ത പ്രവർത്തിയാണെന്നും പി.വി. അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ് പറഞ്ഞു.
സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്ന വാദം ശരിയല്ലെന്നും തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചല്ലേ വിജയിച്ചതെന്നും അദ്ദേഹം ചോദിച്ചു. പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിലാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.
അൻവർ അധികാരത്തിന്റെ സുഖസൗകര്യങ്ങൾ വലിച്ചെറിഞ്ഞയാളാണെന്നും ഉപാധികളില്ലാതെയാണ് യുഡിഎഫിനെ പിന്തുണച്ചതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. പ്രവീൺ കുമാറിന്റെ പ്രസ്താവന അൻവറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
