ന്യൂഡൽഹി: ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് അദ്ദേഹം ഓണാശംസ നേർന്നത്.
ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്നും ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്നു. കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഉദാഹരണമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണം. വള്ളംകളി, തനത് കലാരൂപങ്ങൾ, സംഗീതം, കായിക മത്സരങ്ങൾ എന്നിവയെല്ലാം ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവയെല്ലാം കേരളത്തിന്റെ മൂല്യങ്ങളും സംസ്കാരവും വിളിച്ചോതുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു. ആഘോഷങ്ങൾ സന്തോഷവും സമാധാനവും സമൃദ്ധിയും ആരോഗ്യവും നൽകുന്നതിനൊപ്പം ദേശീയ പുരോഗതിക്കും അനിവാര്യമാണെന്നും മുർമു ആശംസിച്ചു.
