Home Nationalനീറ്റ്–ജെഇഇ പരീക്ഷകളിൽ വലിയ മാറ്റത്തിന് ശുപാർശ; സ്കൂൾ സിലബസും എൻട്രൻസും തമ്മിലെ വിടവ് കുറയ്ക്കും

നീറ്റ്–ജെഇഇ പരീക്ഷകളിൽ വലിയ മാറ്റത്തിന് ശുപാർശ; സ്കൂൾ സിലബസും എൻട്രൻസും തമ്മിലെ വിടവ് കുറയ്ക്കും

by news_desk1
0 comments

ന്യൂഡൽഹി: സ്കൂൾ സിലബസും ജെഇഇ, നീറ്റ് പോലുള്ള പ്രവേശന പരീക്ഷകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. ഈ അന്തരം കുറയ്ക്കുന്നതിനായി പ്രവേശന പരീക്ഷകളുടെ രീതിയിൽ മാറ്റം വരുത്താനും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ മാർക്കിന് കൂടുതൽ പ്രാധാന്യം നൽകാനും സമിതി ശുപാർശ ചെയ്തു.

നീറ്റ്, ജെഇഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ പഠനത്തിനും മത്സര പരീക്ഷാ തയ്യാറെടുപ്പിനും ഒരേസമയം പ്രാധാന്യം നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്കൂൾ പാഠ്യപദ്ധതിയും പ്രവേശന പരീക്ഷകളിലെ ചോദ്യങ്ങളുടെ സ്വഭാവവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ.

സ്കൂളുകളിൽ ആശയാധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുമ്പോൾ, നീറ്റ്, ജെഇഇ പോലുള്ള പരീക്ഷകളിൽ സമയപരിധിക്കുള്ളിൽ ഒബ്ജക്ടീവ് ചോദ്യങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. ഇതാണ് വിദ്യാർഥികളെ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളെ കൂടുതലായി ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഈ വിടവ് നികത്താൻ സ്കൂൾ സിലബസും ദേശീയ പ്രവേശന പരീക്ഷകളും തമ്മിൽ കൂടുതൽ യോജിപ്പുണ്ടാക്കണമെന്നാണ് ശുപാർശ.

എൻസിഇആർടിയെ പ്രധാന ഏകോപന ഏജൻസിയാക്കി സിബിഎസ്ഇ, എൻടിഎ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സിലബസും പരീക്ഷാ രീതിയും ഏകോപിപ്പിക്കാനും നിർദേശമുണ്ട്. പ്രവേശന പരീക്ഷകളുടെ സമ്മർദം കുറയ്ക്കുന്നതിനായി 12-ാം ക്ലാസ് ബോർഡ് പരീക്ഷാ മാർക്കിന് കൂടുതൽ വെയ്റ്റേജ് നൽകണമെന്ന നിർദേശവും പരിഗണനയിലുണ്ട്.

11-ാം ക്ലാസ് തലത്തിൽ തന്നെ പ്രവേശന പരീക്ഷ നടത്തുക, പരീക്ഷയ്ക്ക് ഒന്നിലധികം അവസരങ്ങൾ നൽകുക, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുക തുടങ്ങിയ ശുപാർശകളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളെ ആശ്രയിക്കാതെ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സൗജന്യ ഓൺലൈൻ പഠന, കോച്ചിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തു.

You may also like