കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നാണ് നിഗമനം.
കാൻപൂരിലെ ഗംഗാ ബാരേജ് മേഖലയിലാണ് വിമാനം തകർന്നുവീണത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൊലീസ് സംഘവും സ്ഥലത്തെത്തി.
വിമാനാപകടത്തിന്റെ വിവരം പുറത്തുവന്നതോടെ പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. വിവരം ലഭിച്ചതിനെ തുടർന്ന് ഭരണകൂടവും നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
പരിശീലന വിമാനം തകരാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
