തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ ഉപദ്രവിക്കുകയോ വീട്ടിൽനിന്ന് ഇറക്കിവിടുകയോ ചെയ്താൽ ഇനി കടുത്ത ശിക്ഷ. വയോജനങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചാലും വീട്ടിൽനിന്ന് പുറത്താക്കിയാലും മൂന്ന് വർഷം വരെ തടവും അരലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
“ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായിപ്പോയെന്ന ചിന്ത ഉണ്ടാകരുത്” എന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് കേരളമാണെന്നും അവരുടെ പരിചരണവും അവകാശസംരക്ഷണവും ഉറപ്പാക്കാൻ പ്രത്യേക നിയമം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ സ്വത്തോ കൈവശമുള്ള സാധനങ്ങളോ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും അവരെ സംരക്ഷണം നൽകാതെ ഉപേക്ഷിക്കുന്നതും കുറ്റകരമാക്കും. ഇത്തരം പ്രവൃത്തികൾക്കെതിരെയും ശിക്ഷ ഉറപ്പാക്കും. മുതിർന്ന പൗരന്മാർക്ക് പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകുന്നതിനൊപ്പം പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിക്കും.
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ അയൽപക്ക സൗഹൃദ ശൃംഖല രൂപീകരിക്കും. പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വന്തം വീട്ടിൽത്തന്നെ കഴിയാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
വയോജനങ്ങളെ പരിചരിക്കുന്നതിനായി കെയർഗീവേഴ്സ് പരിശീലന കോഴ്സും ആരംഭിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡെസ്കുകൾ സ്ഥാപിക്കും. പരാതികളും ആവശ്യങ്ങളും അറിയിക്കാനും അടിയന്തര സഹായം തേടാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാർക്കായുള്ള സഹായകേന്ദ്രവും തുടങ്ങും.
പൊതുകെട്ടിടങ്ങൾ മുതിർന്ന പൗരന്മാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്യുന്നതിനും ഓൺലൈൻ പോർട്ടലുകളിൽ വലിയ അക്ഷരങ്ങളും ലളിതമായ ഉപയോഗക്രമവും ഉറപ്പാക്കുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ട്. ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യപരിരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവയും വയോജനങ്ങൾക്ക് ഉറപ്പാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.
വയോജനങ്ങളുടെ സംരക്ഷണം കുടുംബങ്ങളുടെ മാത്രം ഉത്തരവാദിത്വമായി കാണാതെ, അവരുടെ അവകാശങ്ങൾ നിയമപരമായി ഉറപ്പാക്കുന്ന സംവിധാനമൊരുക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
