എറണാകുളം: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വയോധികരടക്കം 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്.
ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
പമ്പിന് സമീപം നിന്നിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസ് തട്ടിയതിനെ തുടർന്ന് ഇരുചക്രവാഹന യാത്രികൻ റോഡിലേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
