പാലക്കാട്: “കണ്ണടച്ചാൽ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്… അടുത്തയാഴ്ച വരുമെന്ന് പറഞ്ഞതാണ്.” നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മകൾ ഗോപികയെ നഷ്ടപ്പെട്ട വേദനയിൽ നീറുന്നതിനിടെ, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും പ്രതി സുഹൈൽ സജീവിനെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നും ആരോപിച്ച് കുടുംബം രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നതായും കുടുംബം പരാതിപ്പെട്ടു.
മകൾക്ക് കുടുംബത്തോടുണ്ടായിരുന്ന സ്നേഹവും കരുതലും ഓർത്തെടുത്ത് ഗോപികയുടെ അമ്മ പൊട്ടിക്കരഞ്ഞു. “അവൾ എവിടെപ്പോയാലും അച്ഛനെ വിളിച്ച് പറയുമായിരുന്നു. ഞങ്ങളോട് അത്ര സ്നേഹമായിരുന്നു. അവളുടെ ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ഒരു ഡ്രസ് പോലും വാങ്ങിയിട്ടില്ല എന്റെ കുഞ്ഞ്. കഷ്ടപ്പെട്ട് പഠിച്ചതാണ്. അടുത്തയാഴ്ച വരുമെന്ന് അമ്മയെ വിളിച്ചു പറഞ്ഞതല്ലേ. അവൾ വരുമ്പോൾ ഞങ്ങൾക്ക് എന്ത് സന്തോഷമായിരുന്നെന്ന് അറിയുമോ?” അമ്മയുടെ വാക്കുകൾ വേദനയായി.
പ്രതി സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും കുടുംബം സംശയം ഉന്നയിച്ചു. ഇത്ര ഗുരുതരമായ കുറ്റം ആരോപിക്കപ്പെടുന്ന സംഭവത്തിൽ ഇത്തരമൊരു നടപടി ഉണ്ടായത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നാണ് കുടുംബത്തിന്റെ ചോദ്യം. അപകടത്തിന് ശേഷവും തന്റെ വാപ്പ എല്ലാം നോക്കിക്കൊള്ളുമെന്ന് സുഹൈൽ പറഞ്ഞതായി കേട്ടതായും കുടുംബം ആരോപിച്ചു. സ്വാധീനം ഉപയോഗിച്ചാണോ ഇത്തരമൊരു ആത്മവിശ്വാസമെന്ന സംശയവും അവർ പങ്കുവച്ചു.
അപകടവുമായി ബന്ധപ്പെട്ട എഫ്‌ഐആറിൽ പ്രതി മദ്യപിച്ചിരുന്നുവെന്ന കാര്യം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് തങ്ങൾക്ക് മനസ്സിലായതെന്ന് കുടുംബം പറഞ്ഞു. ഗോപികയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മുറിവുകൾ തുന്നിക്കെട്ടിയശേഷം വീണ്ടും തുന്നൽ അഴിച്ച് രക്തസാമ്പിൾ ശേഖരിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇത് എന്തിനായിരുന്നുവെന്നും പരിശോധനാ നടപടികളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇവ കുടുംബം ഉന്നയിച്ച ആരോപണങ്ങളാണ്.
അപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബവും നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചിരുന്നു. ഇതിനിടെ, പ്രതി സുഹൈൽ സജീവിനെതിരെ എക്സൈസ് കേസെടുത്തു. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി.
അതേസമയം, സുഹൈൽ സജീവിന്റെ രാസപരിശോധനാ ഫലത്തിനായി പൊലീസ് കാത്തിരിക്കുകയാണ്. മദ്യത്തിന് പുറമേ മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നോയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
