കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്സിക്ക് ഹൈക്കോടതിയിൽനിന്ന് താൽക്കാലിക ആശ്വാസമില്ല. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹർജി പരിഗണിക്കവെ, കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിനും ക്രൈംബ്രാഞ്ചിനും തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നൽകിയെന്ന കാരണത്താൽ മാത്രം അന്വേഷണം നിർത്തിവയ്ക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിൽ സ്റ്റേ അനുവദിച്ചിട്ടില്ലെന്നും വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് മറുപടി നൽകാൻ പിഎസ്സി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നാണ് വിവരം. ആകെ 58 മാർക്കുള്ള പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം ബോധപൂർവം നടത്തിയില്ലെന്നാണ് റിപ്പോർട്ടിലെ ആരോപണം. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പിഎസ്സിയെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, പുനർമൂല്യനിർണയത്തിന് പിന്നാലെ റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ടായി. പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തി. പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പിഎസ്സി വേഗത്തിൽ ഉപദേശകക്കത്തും നൽകി.
എഫ്ഐആർ റദ്ദാക്കണമെന്ന പിഎസ്സിയുടെ ഹർജി പരിഗണനയിലിരിക്കെ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതിയുടെ നിലപാട് ക്രൈംബ്രാഞ്ചിന് നിർണായകമാണ്. കേസിൽ ഇനി അന്വേഷണസംഘം സ്വീകരിക്കുന്ന നടപടികളിലേക്കാണ് ശ്രദ്ധ.
