Home Top Storiesതിരുവോണനാളിലും മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവോണനാളിലും മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

by news_desk1
0 comments

തിരുവനന്തപുരം: തിരുവോണനാളിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് ഇടവിട്ട് മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു. അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണം.

കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര വകുപ്പിനും ഡിടിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ സഞ്ചാരികൾക്കും മുന്നറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

സഞ്ചാരികൾ അപകടത്തിൽപ്പെടുകയോ ഒറ്റപ്പെട്ടുപോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നും നിർദേശിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തണം. പൊലീസ്, ദുരന്തനിവാരണം, അഗ്നിരക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകളിലും നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

You may also like