ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (PIMS) ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ബുധനാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്.
വാർഡിലുണ്ടായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായതെന്നും റിപ്പോർട്ടുണ്ട്.
എയർകണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് അപകടമുണ്ടായത്. തുടർന്ന് തീ കെട്ടിടത്തിലാകെ പടരുകയായിരുന്നു.
കെട്ടിടത്തിലെ ചില്ലുകൾ തകർത്താണ് അഗ്നിരക്ഷാസേന അകത്തുകടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
