കൊച്ചി: കുതിരക്കുളമ്പടി പോലെയുള്ള നൃത്തച്ചുവടുകൾ കൊണ്ട് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ഒന്നടങ്കം താളം പിടിച്ചിച്ച ദക്ഷിണ കൊറിയൻ ഗായകൻ സൈയുടെ ‘ഗന്നം സ്റ്റൈൽ’ (Gangnam Style) റിലീസ് ചെയ്തിട്ട് 14 വർഷങ്ങൾ. 2012 ജൂലൈയിൽ പുറത്തിറങ്ങി ലോകമെങ്ങും വൻ തരംഗമായി മാറിയ ഈ കെ-പോപ്പ് ഗാനം ഇന്നും ഡിജിറ്റൽ ലോകത്ത് റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുകയാണ്.
യൂട്യൂബിന്റെ ചരിത്രത്തിൽ ആദ്യമായി 1 ബില്യൺ വ്യൂസ് തികയ്ക്കുന്ന വീഡിയോ എന്ന റെക്കോർഡ് കുറിച്ച ഗന്നം സ്റ്റൈൽ, നിലവിൽ 6 ബില്യണോളം (600 കോടി) വ്യൂസ് നേടി റെക്കോർഡ് കുതിപ്പ് തുടരുന്നു. ഇത്രയധികം പ്രേക്ഷകശ്രദ്ധ നേടിയതോടെ ഈ ഒറ്റ ഗാനത്തിലൂടെ സൈക്കും നിർമ്മാതാക്കൾക്കും ലഭിച്ച വരുമാനം എത്രയാണെന്ന ചർച്ചകളും വീണ്ടും സജീവമായിരിക്കുകയാണ്.
1.2 ബില്യൺ വ്യൂസ് ഉണ്ടായിരുന്ന 2013-ൽ തന്നെ യൂട്യൂബ് പരസ്യങ്ങളിലൂടെ മാത്രം 8 മില്യൺ ഡോളറിലധികം (ഏകദേശം 66 കോടിയോളം രൂപ) ഗാനം നേടിയിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലെ വ്യൂസും പരസ്യ നിരക്കുകളും അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോൾ, ഇത്രയും വർഷങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് ഡോളറാണ് ഗാനത്തിന് പരസ്യ വരുമാനമായി ലഭിച്ചിട്ടുള്ളതെന്ന് എ.ഐ ചാറ്റ്‌ബോട്ടുകളും സാങ്കേതിക വിദഗ്ധരും വിലയിരുത്തുന്നു. ഡൗൺലോഡുകൾ, സ്പോൺസർഷിപ്പുകൾ, ലൈസൻസിംഗ്, പാരഡി വീഡിയോകളിൽ നിന്നുള്ള കണ്ടന്റ് ഐഡി വരുമാനം എന്നിവ കൂടി ചേരുമ്പോൾ തുക ഇനിയും ഉയരും.
ഇംഗ്ലീഷ് ഇതര ഭാഷയിലെ ഒരു ഗാനത്തിന് ആഗോള തലത്തിൽ ഇത്ര വലിയ സ്വീകാര്യത ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഗന്നം സ്റ്റൈലിന്റെ അവിശ്വസനീയമായ വിജയം മ്യൂസിക് ഇൻഡസ്ട്രിയുടെ പ്രവർത്തനരീതി തന്നെ മാറ്റിമറിച്ചു. യൂട്യൂബ് വ്യൂസും ഓൺലൈൻ സ്ട്രീമിംഗ് കണക്കുകളും ഒരു പാട്ടിന്റെ ജനപ്രീതി അളക്കുന്നതിൽ എത്രത്തോളം നിർണ്ണായകമാണെന്ന് തെളിയിച്ചതോടെയാണ് ബിൽബോർഡ് അടക്കമുള്ള പ്രമുഖ ആഗോള മ്യൂസിക് ചാർട്ടുകൾ തങ്ങളുടെ റാങ്കിംഗ് രീതികളിൽ ഓൺലൈൻ സ്ട്രീമിംഗ് ഡാറ്റ കൂടി ഉൾപ്പെടുത്തി തുടങ്ങിയത്.
