Home Top Storiesവീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി രേഖ, ഹവാല ഇടപാടിനും തെളിവെന്ന്

വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി രേഖ, ഹവാല ഇടപാടിനും തെളിവെന്ന്

by news_desk1
0 comments

തിരുവനന്തപുരം: വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മെയ് 27ന് വീണ വിജയന്റെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളാണ് ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയതായും ഇഡി കണ്ടെത്തിയതായി അറിയിച്ചു.

വീണ വിജയൻ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നതായും ഇഡി അറിയിച്ചു.

ദുബായ് കറൻസിയായ ദിർഹത്തിലും ഇന്ത്യൻ രൂപയിലുമുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വീണ 3.49 ലക്ഷം ദിർഹം, അതായത് ഏകദേശം 85 ലക്ഷം രൂപ, ദുബായിലേക്ക് അയച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഇതിന് പുറമെ, ഇന്റർനെറ്റ് കോളുകൾക്കായി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിരുന്നതായും ഇഡി സംശയിക്കുന്നു. വീണയിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇഡി അറിയിച്ചു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മെയ് 27ന് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയതെന്നും ഇഡി വ്യക്തമാക്കി. വീണയും സിഎംആർഎൽ പ്രൊമോട്ടർമാരും ഉൾപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

You may also like